കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോകാരെ സംബന്ധിച്ച് നൂറുനാവാണ്. സത്യസന്ധതയുടെയും നൻമയുടെയുമൊക്കെ മറുപേരായി കോഴിക്കോട്ടെ ഓട്ടോകാരെ സംബന്ധിച്ച് വാഴ്തുകൾ ഒരുപാടാണ്. ഓട്ടോയിൽ മറന്നുവച്ച പണവും ബാഗുമൊക്കെ തിരികെ കൊടുത്തും. കാരുണ്യപ്രവർത്തി ചെയ്തുമൊക്കെ കോഴിക്കോട്ടെ ഓട്ടോകാർ വേറിട്ടു നിന്നിരുന്നു. ഈ പേരിന് കളങ്കം ചാർത്തുന്ന ചിലരെങ്കിലും ഉളളത് ഇപ്പോൾ കോഴിക്കോട്ടെ ഓട്ടോ പെരുമയ്‌ക്ക് കളങ്കമാകുന്നുണ്ട്.
യാത്രക്കാരോട് മര്യാദയില്ലാതെ സംസാരിക്കുക, വളഞ്ഞ വഴിയിൽ നഗരംചുറ്റിക്കുക, പരിചയമില്ലാത്തവരോടാണെങ്കിൽ മീറ്ററിടാതെ കാശ് പിടുങ്ങുക തുടങ്ങിയ കലാപരിപാടികളെല്ലാം ഇവിടെയും അരങ്ങേറി തുടങ്ങിയിട്ടുണ്ട്. രാത്രികാലത്ത് ഓടുന്ന ചില ഓട്ടോകൾ ചില പൊലീസുകാരുടെ ഉടമസ്ഥതയിലാണെന്നും ഇത്തരക്കാരാണ് യാത്രക്കാരോട് ധിക്കാരപൂർവ്വം പെരുമാറുന്നതെന്നും ഓട്ടോക്കാർക്കിടയിൽ തന്നെ മുറുമുറുപ്പുണ്ട്.
രാത്രിമാത്രം ഓടാനെത്തുന്ന ചില ഓട്ടോകൾ സംശയാസ്പദമാണ്. ലഹരി മാഫിയയുടെ പിണിയാളുകളായുംചിലർ പ്രവർത്തിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. നേരത്തെ തൊഴിലാളി സംഘടനകൾ ഇത്തരക്കാരെ ഒറ്റപ്പെടുത്തിയിരുന്നുവെങ്കിലും ഇടതുസംഘടനയ്‌ക്ക് ശക്തിയുള്ള കോഴിക്കോട്ടെ ഓട്ടോമേഖലയെ ഇത്തക്കാർ ഹൈജാക്ക് ചെയ്തിട്ടുണ്ട്.
സമരത്തനിടെ ഇന്ന് ഓടിയ ഓട്ടോകളിൽ ചിലത് അമിത ചാർജ്ജാണ് ഈടാക്കിയത്. കെഎസ്ആർടിസിയിൽ നിന്നു റെയിൽവേ സ്‌റ്റേഷനിലേക്ക് സാധാരണ നാൽപതു രൂപ മീറ്റർ ചാർജ് വരുന്നിടത്ത് എഴുപത് രൂപയാണ് ആവശ്യപ്പെട്ടത്. രാത്രി മീറ്റർ ചാർജ്ജും അതിന്റെ പകുതിയും ഉൾപ്പെടെ വാങ്ങുന്നതിനേക്കാൾ അധികം തുകയാണ് യാത്രക്കാരോട് ആവശ്യപ്പെട്ടത്.
കയറുമ്പോൾ തന്നെ തുക പറഞ്ഞുകൊണ്ടാണ് യാത്രക്കാരെ കയറ്റുന്നത്. സമരത്തിനിടെ യാത്രക്കാരോട് ചെയ്യുന്ന സൗമനസ്യം എന്ന നിലയ്‌ക്കാണ് ഡ്രൈവർമാരുടെ സംസാരം. അതെ സമയം സമരത്തിനിടയിലും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് രാവിലെ ഓട്ടോ സർവ്വീസ് നടത്തി. എന്നാൽ സമരാനുകൂലികൾ ഓട്ടോയുടെ കാറ്റ് അഴിച്ചുവിട്ടു.
















Comments