മനാമ: ഹിജാബ് ധരിച്ചെത്തിയ മുസ്ലീം വനിതയെ ബെഹ്റൈനിലെ റെസ്‌റ്റോറന്റിൽ ഇന്ത്യക്കാരൻ തടഞ്ഞുവെന്ന വാർത്ത വ്യാജമാണെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഉൾപ്പെട്ട വനിത തന്നെ വിശദീകരണവുമായി രംഗത്തെത്തിയതോടെയാണ് വാർത്തയുടെ സത്യാവസ്ഥ പുറത്തുവന്നത്.
സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു വനിതയുടെ തുറന്നുപറച്ചിൽ. ഇതോടെ ഇന്ത്യക്കാരനായ ഹോട്ടലുടമയ്‌ക്കെതിരെ കൊട്ടിഘോഷിച്ച വ്യാജവാർത്തയുടെ ചുരുളഴിഞ്ഞു.
ഹിജാബ് ധരിച്ചതിന്റെ പേരിൽ അറബ് മുസ്ലിം വനിതയെ ബെഹ്റൈനിലെ റെസ്റ്റോറന്റിൽ നിന്നും ഇന്ത്യക്കാരനായ ഹോട്ടലുടമസ്ഥൻ ഇറക്കി വിട്ടുവെന്നായിരുന്നു വാർത്ത. ഇതിന്റെ പേരിൽ സ്ഥാപനം സർക്കാർ അടച്ചുപൂട്ടിയെന്നും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
ഹിന്ദുവായ ഇന്ത്യക്കാരൻ തടഞ്ഞെന്നും പിന്നീടത് ആർ.എസ്.എസുകാരനായ ഇന്ത്യക്കാരൻ തടഞ്ഞെന്നും പ്രചാരണം വഴിമാറി. ഇയാൾ കർണാടക സ്വദേശിയാണെന്നും പ്രചാരണം ആരംഭിച്ചു. ഇന്ത്യൻക്കാർക്കെതിരെ വർഗീയ പ്രചാരണങ്ങളുമായി നിരവധി പോസ്റ്റുകളും ഇതോടെ പ്രചരിക്കാൻ തുടങ്ങി. എന്നാൽ സംഭവത്തിൽ ഉൾപ്പെട്ട യുവതി തന്നെ സമൂഹമാദ്ധ്യമം വഴി യഥാർത്ഥ സത്യാവസ്ഥ വെളിപ്പെടുത്തി മുന്നോട്ട് വരികയായിരുന്നു.
സുഹൃത്തിനോടൊപ്പം ഹിജാബ് ധരിച്ച് റെസ്റ്റോറന്റിൽ എത്തിയ ഇവരെ തടഞ്ഞത് റെസ്റ്റോറന്റ് മാനേജരായ ബ്രിട്ടീഷ് പൗരൻ ആണെന്നും ഇന്ത്യക്കാരൻ തടഞ്ഞുവെന്നത് വ്യാജ പ്രചാരണമാണെന്നും ഇവർ വെളിപ്പെടുത്തൽ നടത്തിയ വീഡിയോയിൽ പറയുന്നു. കൂടാതെ റെസ്റ്റോറന്റ് ഉടമയായ ഇന്ത്യക്കാരൻ സംഭവത്തിൽ ഇവരോട് മാന്യമായി പെരുമാറിയെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ഇതിൽ നിന്നും പിന്മാറണമെന്നും ഇവർ ആവശ്യപ്പെട്ടു.
കേരളത്തിലെ മാദ്ധ്യമങ്ങളടക്കം പലരും സംഭവത്തിൽ ഇന്ത്യക്കാരനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വനിതയുടെ തുറന്നുപറച്ചിൽ നിർണായകമാകുന്നത്.
















Comments