മോസ്‌കോ: ആണവായുധം പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യ. രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ ആണവായുധം പ്രയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിയായ ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.
രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യം വന്നാൽ മാത്രമേ ഉപയോഗിക്കൂവെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ തീർച്ചയായും ഉപയോഗിച്ചിരിക്കുമെന്നുമുള്ള നിലപാടാണ് റഷ്യക്കുള്ളത്. അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിമിത്രി പെസ്‌കോവ് ഇക്കാര്യം സൂചിപ്പിച്ചത്. യുക്രെയ്‌നിൽ ഇപ്പോൾ നടക്കുന്ന സൈനിക നടപടിയുടെ ഭാഗമായി ഒരിക്കലും അണുവായുധം പ്രയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഒരുമാസത്തിലേറെയായി യുക്രെയ്‌നിൽ റഷ്യ യുദ്ധം തുടരുകയാണ്. ഇതിനിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. തുർക്കിയിലെ ഇസ്താംബൂളിലാണ് ചർച്ചകൾ നടക്കുന്നത്. രാജ്യത്ത് പലയിടത്തും റഷ്യൻ സൈനികർ വൈദ്യുതി വിച്ഛേദിച്ചുവെന്നാണ് യുക്രെയ്‌ന്റെ ആരോപണം. 80,000 വീടുകളിൽ വൈദ്യുതി ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം 3.5 മില്യൺ യുക്രെയ്ൻ ജനങ്ങൾ അയൽരാജ്യങ്ങളിലേക്ക് പലായനം നടത്തി. റഷ്യയുടെ ആക്രമണത്തിലും യുക്രെയ്‌ന്റെ പ്രത്യാക്രമണത്തിലും രണ്ട് രാജ്യങ്ങളുടെയും നിരവധി സൈനികരാണ് കൊല്ലപ്പെട്ടത്.
Comments