തിരുവനന്തപുരം: ദേശീയപണിമുടക്കിൽ നിന്നു വിട്ടുനിന്ന ബിഎംഎസ് യൂണിയനിൽ പെട്ട തൊഴിലാളികൾ പണിമുടക്ക് ദിവസം ജോലിക്ക് ഹാജരായെങ്കിലും ബസ് വിട്ടുനൽകാൻ അധികാരികൾ തയ്യാറായില്ല. കെഎസ്ആർടിസിയിൽ ബിഎംഎസ് ശക്തമാണെങ്കിലും ബസ് വിട്ടുകിട്ടാത്തതുകാരണം ഇവർക്ക് തൊഴിലെടുക്കാനായില്ല.
ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ ഏറെ ജീവനക്കാർ പണിമുടക്കാതെ ജോലിക്കെത്തിയിരുന്നു. പത്തൊൻപതിനായിരത്തോളം ജീവനക്കാരാണ് കെഎസ്ആർടിസിയിൽ ഉള്ളത്. ഇവരിൽ ഏറെപ്പേർ ഇടതുതൊഴിലാളി സംഘടന പ്രവർത്തകരാണ്. ജീവനക്കാരിൽ ഇരുപത് ശതമാനത്തോളം പേർ ജോലിക്ക് ഹാജരായിരുന്നു. ബസ് വിട്ടുനൽകാത്തതുകാരണം ഇവർക്ക് ജോലി ചെയ്യാനായില്ല. സർക്കാർ സമരത്തെ പിന്തുണയ്‌ക്കുന്നതിനാൽ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല.
സർവ്വീസുകൾ മുടങ്ങിയതുകാരണം കെഎസ്ആർടിസിക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനനഷ്ടമുണ്ടായി. ദൈനംദിന ടിക്കറ്റ് വരുമാനവും ഇന്ധനചെലവും കണക്കാക്കി ആറുകോടിയുടെ വരുമാനനഷ്ടമാണ് ഉണ്ടായതെന്നാണ് കരുതുന്നത്. കെഎസ്ആർടിസിയുടെ ദൈനംദിന ടിക്കറ്റ് കളക്ഷൻ അഞ്ചു മുതൽ ആറുകോടിയോളം രൂപയാണ്. ഇന്ധനത്തിനുള്ള ഒരു ദിവസത്തെ ചെലവ് മൂന്നുകോടിയോളം വരും. ഇങ്ങനെ നോക്കുമ്പോൾ ആറുകോടിയുടെ വരുമാന നഷ്ടമാണ് കണക്കാക്കുന്നത്.
കെഎസ്ആർടിസിയുടെ ഏതാനും ദീർഘദൂരസർവ്വീസുകൾ മാത്രമാണ് ഓടിയത്. ചിലയിടങ്ങളിൽ സമരക്കാർ ബസ് തടഞ്ഞതിനെ തുടർന്ന് സർവ്വീസ് മുടങ്ങി. ആകെ നാലായിരത്തോളം ഷെഡ്യൂളുകളിൽ നൂറിനടുത്ത് ഷെഡ്യൂളുകൾ മാത്രമാണ് ഇന്നലെ ഓപ്പറേറ്റ് ചെയ്തത്.
Comments