ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റർ2. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. കെജിഎഫ് 2 മലയാളം വേർഷനിൽ ഡബ്ബ് ചെയ്ത വിവരം അറിയിച്ചിരിക്കുകയാണ് നടി മാലാ പാർവതി.
നിരവധി പേർ ട്രെയ്‌ലറിലെ ശബ്ദം തിരിച്ചറിഞ്ഞ് സന്ദേശം അയച്ചു എന്ന് മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പിന്നിൽ പ്രവർത്തിച്ച സംവിധായകൻ ശങ്കർ രാമകൃഷ്ണനോട് കടപ്പെട്ടിരിക്കുന്നുവെന്നും മാലാ പാർവതി പറഞ്ഞു. ചിത്രത്തിൽ മാളവിക അവിനാശിന് വേണ്ടിയാണ് മാലാ പാർവതി ശബ്ദം നൽകിയിരിക്കുന്നത്.
മാലാ പാർവതിയുടെ കുറിപ്പ്….
പ്രിയപ്പെട്ട സുഹൃത്തുക്കളെ..കെജിഎഫ് 2 ട്രെയ്ലറിൽ എന്റെ ശബ്ദം കേട്ടു എന്ന് പറഞ്ഞ് ഒരുപാട് പേർ എനിക്ക് മെസേജ് അയച്ചിരുന്നു. എല്ലാവർക്കും ഒരു വലിയ നന്ദി പറയുന്നു. എന്നാൽ ഞാൻ കടപ്പെട്ടിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തും നടനുമായ എന്റെ സുഹൃത്ത് ശങ്കർ രാമകൃഷ്ണനോടാണ്. അദ്ദേഹം മലയാളത്തിന് വേണ്ടി മറ്റൊരു മനോഹരമായ സ്‌ക്രിപ്പ്റ്റ് തയ്യാറാക്കി. അതും ലിപ്സിങ്ക് തെറ്റാത്ത വിധത്തിലുള്ള സ്‌ക്രിപ്റ്റ്. പിന്നെ ഓരോ കഥാപാത്രങ്ങൾക്കും അനുയോജ്യമായ ശബ്ദങ്ങളും തെരഞ്ഞെടുത്തു. അത് മലയാളം ഡബ്ബ് വേർഷനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. ശങ്കർ കാണിച്ച ഡെഡിക്കേഷൻ ശരിക്കും അഭിനന്ദാർഹമാണ്.
ചിത്രത്തിൽ രവീണ ഠണ്ടന് ശബ്ദം നൽകിയിരിക്കുന്നത് ആരാണെന്ന് അറിയുമോ? നിങ്ങൾക്ക് ആളെ ഊഹിക്കാൻ സാധിക്കുമോ? അതിന്റെ ഇഫക്റ്റ് ശരിക്കും അത്ഭുതകരമാണ്. സാധാരണ ഞാൻ സിനിമയുടെ ഒറിജിനൽ വേർഷൻ കാണാൻ താത്പര്യപ്പെടുന്ന വ്യക്തിയാണ്. പക്ഷെ ഈ സിനിമയിൽ ഞാൻ മലയാളം ഡബ്ബിന് വേണ്ടിയും കാത്തിരിക്കുകയാണ്. ശങ്കറിന് അഭിനന്ദനങ്ങൾ. കെജിഎഫ്2 ചരിത്രം സൃഷ്ടിക്കും. അതിൽ നിങ്ങളുടെ പ്രയത്നവും ഒരു ഭാഗമായിരിക്കും.
നടി ലെനയാണ് രവീണയ്‌ക്ക് ശബ്ദം നൽകിയതെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം. എന്നാൽ ഇത് ഇനിയും വ്യക്തമല്ല. ലെനയുടെ ശബ്ദം രവീണയുടെ കഥാപാത്രത്തിന് കരുത്ത് നൽകുമെന്നാണ് ട്രെയ്‌ലർ പറയുന്നതെന്നാണ് ആളുകളും അഭിപ്രായം.
Comments