തിരുവനന്തപുരം: രാജ്യവ്യാപകമായി നടത്തിയ ദ്വിദിന പണിമുടക്കിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എംപി. ഹർത്താലിനെ താൻ എന്നും എതിർത്തിട്ടുണ്ടെന്നും, ഇത്തരത്തിൽ ഹർത്താലുകൾ കൊണ്ട് ജനങ്ങൾ ധാരാളം യാതനകൾ അനുഭവിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ജനങ്ങളെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശശി തരൂർ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
ഈ വിഷയത്തിൽ എന്റെ അഭിപ്രായവും ഇത് തന്നെയാണ്. ഹർത്താലിനെ ഞാൻ എന്നും എതിർത്തിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾ ഹർത്താൽ കൊണ്ടുള്ള അടച്ച് പൂട്ടലുകൾ കൊണ്ടു കൂടി യാതനകൾ അനുഭവിക്കുന്നു.
പ്രതിഷേധം അവകാശമാണ്; ആവശ്യവുമാണ്. പക്ഷെ, ജനങ്ങളുടെ നിത്യജീവിത മാർഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ആർക്കും അവകാശമില്ല.
അടിച്ചേൽപ്പിക്കുന്ന സമരങ്ങൾ ജനാധിപത്യപരമായ പ്രതിഷേധമാർഗ്ഗങ്ങൾ അല്ല.
രണ്ട് ദിവസമായി സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പണിമുടക്ക് സംസ്ഥാനത്ത് ഹർത്താലിന് സമാനമായ പ്രതീതിയാണുളവാക്കിയത്. കടകൾ അടപ്പിച്ചും, സ്വകാര്യ വാഹനങ്ങൾ തടഞ്ഞും, സാധാരണക്കാരുടെ ജീവിതത്തെ പണിമുടക്ക് സ്തംഭിപ്പിച്ചു. പലയിടങ്ങളിലും സമരാനുകൂലികൾ അതിക്രമം അഴിച്ചുവിടുകയായിരുന്നു. പണിമുടക്ക് ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിൽ ഹാജരാവണമെന്ന് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശങ്ങൾ പോലും കാറ്റിൽ പറത്തുകയായിരുന്നു.
Comments