കണ്ണൂർ: ഇലക്ട്രിസിറ്റി ഓഫീസ് പണിമുടക്ക് അനുകൂലികൾ അടപ്പിച്ചതിനെതിരെ പരാതിയുമായി അധികൃതർ. തലശ്ശേരി മാടപ്പീടികയിലാണ് പണിമുടക്ക് അനുകൂലികളുടെ അതിക്രമം. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കോടിയേരി ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ ആണ് ന്യൂ മാഹി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഇന്ന് രാവിലെ ഒരുകൂട്ടം സമരാനുകൂലികൾ എത്തി ഇലക്ട്രിസിറ്റി ഓഫീസ് ബലമായി അടപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പൊതുജനങ്ങളുടെ വൈദ്യുതി സംബന്ധമായ പരാതികളോ അപകടങ്ങളോ ഫോൺ വഴി അറിയാൻ പറ്റാത്ത അവസ്ഥ ഉണ്ടായി എന്നാണ് പരാതിയിൽ പറയുന്നത്.
കോടതി ഡയസ്‌നോൺ പ്രഖ്യാപിച്ചത് കൊണ്ട് ഇന്ന് പല സർക്കാർ സ്ഥാപനങ്ങളിലും ജീവനക്കാർ ഹാജരായിരുന്നു. എന്നാൽ പണിമുടക്ക് അനുകൂലികൾ സ്ഥാപനങ്ങൾ അടപ്പിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. സമാനമായ രീതിയിൽ പാലക്കാടും കെഎസ്ഇബി ഓഫീസ് ജീവനക്കാർക്ക് നേരെ സമരാനുകൂലികൾ അതിക്രമം നടത്തിയിരുന്നു. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Comments