വരും തലമുറ സിറ്റി ഹൈബ്രിഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹോണ്ട. കൊറോണ വ്യാപനത്തെ തുടർന്നാണ് സിറ്റി ഹൈബ്രിഡിന്റെ ഇന്ത്യൻ പ്രവേശനം വൈകിയത്. എന്നാൽ അൽപം വൈകിയാലും പുതുപുത്തൻ നവീകരണങ്ങളോടെയാണ് ഈ സെഡാനെ നിർമ്മാതാക്കൾ അവതരിപ്പിക്കാൻ പോകുന്നത്. ഹോണ്ട സെൻസിംഗ് ടെക് സിറ്റിയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
സുരക്ഷാ ഫീച്ചറുകൾക്ക് വാഹനപ്രേമികൾ അടക്കം മുൻതൂക്കം നൽകുന്ന ഈ കാലത്ത്, സിറ്റിയും സുരക്ഷയിൽ ഒട്ടും പിന്നിലല്ലെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. കാറിന്റെ മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സുരക്ഷാ ഫീച്ചറാണ് ഹോണ്ട സെൻസിംഗ് ടെക്. ഓട്ടോ ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ ലഭ്യമാകും. ലെയ്ൻ കീപ്പ് അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ് എന്നിവയും വാഹനത്തിന്റെ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
കൂടാതെ, അഞ്ചാം തലമുറ സിറ്റിയുടെ സുരക്ഷാ സവിശേഷതകൾ പുതിയ സിറ്റി ഹൈബ്രിഡിന് ലഭിക്കും. ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എമർജൻസി സ്റ്റോപ്പ് സിഗ്‌നൽ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ലെയ്ൻ വാച്ച് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ടാകും.
1.5 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനായിരിക്കും ഹൈബ്രിഡിന്റെ ഹൃദയമെന്നാണ് റിപ്പോർട്ട്. ഇത് 98 എച്ച്പി പവറും 127 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മാത്രമല്ല, കാറിന് മൂന്ന് ഡ്രൈവ് മോഡുകളാണ് നൽകിയിരിക്കുന്നത്.
പുതിയ സിറ്റി ഹൈബ്രിഡിന് 27.7 kmpl ഇന്ധനക്ഷമത ഉണ്ടായിരിക്കുമെന്നാണ് സൂചന. മലേഷ്യയിലെ പരീക്ഷണത്തിന് ശേഷമാണ് ഇന്ധനക്ഷമതയുടെ റിപ്പോർട്ടുകൾ പുറത്തായത്. ഏകദേശം 20 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്.
Comments