പൂണെ : ഐപിഎല്ലിന്റെ 15 ാം സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ റോയൽസ്. 61 റൺസിനാണ് രാജസ്ഥാൻ റോയൽസ് ഹൈദരാബാദിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 211 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാൻ ഹൈദരാബാദിനായില്ല. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുക്കാനേ അവർക്ക് സാധിച്ചുള്ളൂ.
രാജസ്ഥാന് വേണ്ടി നായകൻ സഞ്ജു സാംസൺ തകർത്താടിയപ്പോൾ മലയാളി താരം പടിക്കൽ പിന്നാലെയുണ്ടായിരുന്നു. സൺറൈസേഴ്‌സിനെ എയ്ഡൻ മർക്രമും വാഷിങ്ടൺ സുന്ദറും രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
211 എന്ന വിജയലക്ഷ്യത്തോടെ രണ്ടാമത് ബാറ്റിംഗിന് ഇറങ്ങിയ സൺറൈസേഴ്‌സിന്റെ തുടക്കം തന്നെ തകർച്ചയായിരുന്നു. ഓപ്പണറായി ഇറങ്ങിയ നായകൻ കെയ്ൻ വില്യംസൺ ഏഴ് ബോളിൽ രണ്ട് റൺസ് എടുത്ത് മടങ്ങിയതോടെ ടീമിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ദേവദത്ത് പടിക്കലാണ് വില്യംസണിന്റെ ക്യാച്ചെടുത്തത്. വില്യംസണ് ശേഷം വന്ന രാഹുൽ ത്രിപാഠിക്കും അധികനേരം നിൽക്കാനായില്ല. റൺസ് എടുക്കുന്നതിന് മുൻപേ രാഹുലും പുറത്തായി. പ്രസിദ്ധ് കൃഷ്ണയാണ് രാഹുലിന്റെ വിക്കറ്റുമെടുത്തത്. പിന്നെ വന്ന നിക്കോളാസ് പൂരാന്റെ അവസ്ഥയും ഇത് തന്നെയായിരുന്നു. ഒൻപത് പന്തിൽ ഒരു റൺ പോലും എടുക്കാതെ പൂരാനും പുറത്തായി. ട്രെന്റ് ബോൾട്ടാണ് പൂരാന്റെ വിക്കറ്റ് തെറുപ്പിച്ചത്.
അഭിഷേക് ശർമ്മ 19 ബോളിൽ 9 റൺസ് എടുത്തപ്പോൾ പിന്നാലെ വന്ന അബ്ദുൾ സമദിന് പിടിച്ചു നിൽക്കാനായില്ല. നാല് റൺസ് മാത്രം എടുത്താണ് സമദ് മടങ്ങിയത്. പിന്നീട് ഫീൽഡിലെത്തിയ റൊമാരിയോ ഷെപ്പേർഡും എയ്ഡൺ മാർക്രമും ചേർന്നാണ് ടീമിനെ രക്ഷിച്ചത്. ഇരുവരും ചേർന്ന് സ്‌കോർ 50 കടത്തി. ടീം സ്‌കോർ 78ൽ നിൽക്കേ 18 പന്തുകളിൽ നിന്ന് 24 റൺസെടുത്ത ഷെപ്പേർഡിനെ ക്ലീൻ ബൗൾഡാക്കി ചാഹൽ സൺറൈസേഴ്സിന്റെ ആറാം വിക്കറ്റെടുത്തു. ട്വന്റി 20യിൽ ചാഹലിന്റെ 250-ാം വിക്കറ്റാണിത്.
ഷെപ്പേർഡിന് പകരമെത്തിയ വാഷിംഗ്ടൺ സുന്ദർ 17 ാം ഓവറിൽ 24 റൺസ് അടിച്ചെടുത്തതോടെ ടീമിന് ചെറിയ പ്രതീക്ഷ വന്നു. 14 ബോളിൽ നിന്നും 40 റൺസാണ് സുന്ദർ നേടിയത്. മാർക്രം 41 പന്തുകളിൽ നിന്ന് 56 റൺസെടുത്ത് പുറത്താവാതെ നിന്നു.
രാജസ്ഥാന് വേണ്ടി ആദ്യം ഇറങ്ങിയത് ജോസ് ബട്ലറും യശസ്വി ജെയ്സ്വാളുമാണ്. ഇരുവരും ചേർന്ന് 55 റൺസ് നേടി. പിന്നീട് മലയാളി താരം സഞ്ജു സാംസൺ എത്തി ബട്ലറിനോടൊപ്പം നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ബട്ലർ പുറത്തായി. 28 ബോളിൽ 35 റൺസ് ബട്ലർ നേടി. ഇതിന് പിന്നാലെ ഇറങ്ങിയ മലയാളി താരങ്ങളാണ് ടീമിന്റെ സ്‌കോർ ഉയർത്തിയത്. രാജസ്ഥാനിലെത്തിയ പടിക്കലിന്റെ അരങ്ങേറ്റം ഒട്ടും മോശമായില്ല. സഞ്ജുവിന്റെ ഒപ്പത്തിനൊപ്പം നിന്ന് കളിച്ച പടിക്കൽ 29 പന്തിൽ 41 റൺസെടുത്തു. 27 ബോളിൽ 55 റൺസാണ് സഞ്ജു നേടിയത്. 73 റൺസ് സഞ്ജു-പടിക്കൽ കൂട്ടുകെട്ടിൽ ഉണ്ടായി.
















Comments