ന്യൂഡൽഹി: യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് ഈ ആഴ്ച ഇന്ത്യയിലെത്തും. യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന്റെ പ്രധാന ശില്പി എന്നറിയപ്പെടുന്നയാളാണ് ദലീപ് സിംഗ്.ഇത് കൊണ്ട് തന്നെ ദലീപ് സിംഗിന്റെ ഇന്ത്യൻ സന്ദർശനം നിർണായകമാണ്.റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യ സന്ദർശിക്കുന്ന സമയത്ത് തന്നെയായിരിക്കും ദലീപും ഇന്ത്യൻ സന്ദർശനം നടത്തുക എന്നത് കൂടുതൽ നിർണായകമാണ്.
അടുത്ത മാസം വാഷിംഗ്ടണിൽ നടക്കാനിരിക്കുന്ന ‘2+2’ വിദേശ, പ്രതിരോധ മന്ത്രിതല ചർച്ചയ്‌ക്കുള്ള ഒരുക്കങ്ങളും ദലീപിന്റെ സന്ദർശനത്തിനിടെ ഉണ്ടായേക്കും.
യുഎസ് ഉദ്യോഗസ്ഥന്റെ സന്ദർശനത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ലാവ്റോവ് ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിടുന്ന അതേ സമയത്തായിരിക്കും ദലീപും സന്ദർശനം നടത്തുക എന്നുമാണ് റിപ്പോർട്ട്.
നേരത്തെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇന്ത്യാ സന്ദർശനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ സ്ഥിരീകരിച്ചത്. യുക്രെയ്ൻ-റഷ്യ പ്രതിസന്ധിയാണ് കൂടിക്കാഴ്‌ച്ചയ്‌ക്ക് പിന്നിലെ അജണ്ടയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ഒരു മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥന്റെ ആദ്യ സന്ദർശനമാണിത്.
ഏപ്രിൽ ആദ്യവാരം കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് വിവരം. യുദ്ധത്തിന്റെ ഫലമായുണ്ടായ തന്ത്രപരമായ പ്രശ്നങ്ങൾ, റഷ്യൻ എണ്ണ വാങ്ങൽ, പേയ്മെന്റ് സംവിധാനം, റഷ്യൻ ബാങ്കുകൾക്കെതിരായ ഉപരോധം, സ്വിഫ്റ്റിൽ നിന്നുള്ള ഒഴിവാക്കൽ, സൈനിക ഹാർഡ് വെയർ വിതരണത്തിൽ സാദ്ധ്യമായ തടസ്സങ്ങൾ എന്നിവയെ കുറിച്ചുള്ള പ്രത്യേക ചർച്ചകൾ ലാവ്റോവിന്റെ സന്ദർശനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
















Comments