ന്യൂയോർക്: ഇസ്താൻബുൾ ചർച്ചയിൽ ഘട്ടംഘട്ടമായി സൈന്യത്തെ പിൻവലിയ്‌ക്കുമെന്ന റഷ്യയുടെ ഉറപ്പ് തീരുമാനം നടപ്പായ ശേഷം വിശ്വസിക്കാമെന്ന നിലപാടിലാണ് യുക്രെയ്ൻ. യുക്രെയ്‌ന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ കുറവ് വന്നെങ്കിലും മുന്നേറ്റം തുടരുവാനാണ് സാദ്ധ്യതയെന്ന് യുക്രെയ്ൻ പ്രതിനിധി പറഞ്ഞു. ഐക്യരാഷ്‌ട്രസഭ യോഗത്തിൽ യുക്രെയ്ൻ പ്രതിനിധി സെർഗീ കിസ്ലിറ്റ്‌സിയയാണ് റഷ്യയുടെ നീക്കം വൈകുമെന്ന മുന്നറിയിപ്പ് നൽകിയത്.
‘ഇസ്താൻബുള്ളിലെ ചർച്ചയിൽ റഷ്യ സമാധാന ശ്രമങ്ങളോട് അനുഭാവപൂർണ്ണമാണ് പ്രതി കരിച്ചത്. എന്നാൽ നിരവധി മേഖലകളിൽ മുന്നേറ്റം നടത്തിയ സൈന്യത്തെ പിൻവലി ക്കുന്നത് വേഗത്തിലാക്കുമോ എന്നത് കണ്ടറിയണം.’ സെർഗീ കിസ്ലിറ്റ്‌സിയ പറഞ്ഞു.
യുക്രെയ്‌ന്റെ സുരക്ഷ ഉറപ്പാക്കുന്ന ഒരു കരാറും ഒപ്പിടാൻ സമയമായിട്ടില്ല. ഫെബ്രുവരി 23 മുതൽ റഷ്യ യുക്രെയ്‌നിലേയ്‌ക്ക് കടത്തിവിട്ട വൻ സൈനിക സംവിധാനങ്ങൾ മടങ്ങാതെ ഏതുവിധത്തിലുള്ള സുരക്ഷയാണ് ഉറപ്പുവരുത്താനാവുകയെന്നും യുക്രെയ്ൻ പ്രതിനിധി ചോദിച്ചു.
ഇതിനിടെ യുക്രെയ്ൻ അനായാസം കീഴടക്കാമെന്ന പുടിന്റെ തന്ത്രം വിജയിച്ചില്ലെന്നും വലിയ സൈനിക നാശമാണ് റഷ്യയ്‌ക്കുണ്ടായതെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യയ്‌ക്ക് കനത്ത നാശമാണ് യുക്രെയ്‌നിലെ സൈന്യവും സ്വയം പ്രതിരോധിച്ച ജനങ്ങളും നൽകിയത്. 17000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു. 1700 കവചിത വാഹനങ്ങൾ, 600 ടാങ്കുകൾ, 300 പീരങ്കികൾ, 127 വിമാനങ്ങൾ, 129 ഹെലികോപ്റ്ററുകൾ, 100 റോക്കറ്റ് ലോഞ്ചറുകൾ എന്നിവ തകർത്തെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.
Comments