തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതിൽ അടക്കം തീരുമാനം ഇന്ന് ഉണ്ടായേക്കും. നിരക്ക് വർദ്ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് ചേരും. മിനിമം ചാർജ് 10 രൂപയും വിദ്യാർത്ഥികളുടെ നിരക്ക് മൂന്ന് രൂപയുമാക്കുമെന്നാണ് സൂചന. എന്നാൽ മിനിമം ചാർജ്ജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ബസ് ചാർജ്ജിന് പുറമെ സിൽവർ ലൈൻ രാഷ്‌ട്രീയ വിവാദങ്ങളും യോഗത്തിൽ ചർച്ചയാകും.
ബിപിഎൽ കുടുംബങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. നിരക്ക് വർദ്ധനവ് ഉടൻ നടപ്പാക്കുമെന്ന സർക്കാർ ഉറപ്പിലാണ് ബസ് ഉടമകൾ സമരം പിൻവലിച്ചത്. യോഗത്തിൽ മദ്യനയത്തിലെ നിർണ്ണായ തീരുമാനങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഒന്നാം തീയതിയുള്ള അടച്ചിടൽ ഒഴിവാക്കുക, രണ്ട് മദ്യശാലകൾ തമ്മിലുള്ള ദൂരപരിധി കുറയ്‌ക്കുക തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും ചർച്ച ചെയ്യുക.
കെ-റെയിൽ വിഷയത്തിൽ സിപിഐ സ്വീകരിക്കുന്ന നിലപാട് ഉൾപ്പെടെ യോഗത്തിൽ പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പരസ്യമായി രംഗത്തെത്തിയ എൽജെഡിയുടെ നിലപാടും യോഗത്തിൽ ചർച്ചയായേക്കും. എൽജെഡിയ്‌ക്ക് എതിരെ യോഗത്തിൽ വിമർശനം ഉയരുമോ എന്നതും എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.
















Comments