തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനൽ അവതാരകൻ വിനു വി ജോണിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികൾ നടത്തിയ രണ്ട് ദിവസത്തെ പണിമുടക്കിനെ പിന്നിൽ നിന്ന് കുത്തിയ വർഗ്ഗ വഞ്ചകനാണ് വിനുവെന്ന് ആനത്തലവട്ടം പറഞ്ഞു. ഏഷ്യാനെറ്റിന്റെ പേരിലാണ് വിനു അറിയപ്പെടുന്നത്. അതിനാൽ വിനുവിനെ ചാനലിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിനു കരിങ്കാലിയാണെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്നും തൊഴിലാളി യൂണിയനുകൾ പറഞ്ഞു. വിനുവിനെതിരെ ഏഷ്യാനെറ്റ് നടപടിയെടുക്കണം. ഈ രീതിയിലാണ് മുന്നോട്ട് പോകാൻ താത്പര്യമെങ്കിൽ തൊഴിലാളികൾ പ്രതിഷേധം ശക്തമാക്കുമെന്നും ആനത്തലവട്ടം പറഞ്ഞു. ഇന്ന് രാവിലെ 11 ന് പ്രസ് ക്ലബ്ബിന് മുന്നിൽ നിന്ന് ഏഷ്യാനെറ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ട്രേഡ് യൂണിയന്റെ മാർച്ച് ഹൗസിംഗ് ബോർഡ് ജംഗ്ഷനിൽ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. ദേശീയ പണിമുടക്കിന്റെ പേരിൽ ജനജീവിതം ദുസ്സഹമാക്കി പൊതുനിരത്തിൽ ട്രേഡ് യൂണിയൻ നടത്തിയ പ്രതിഷേധത്തിനെതിരെ വിനു വി ജോൺ പ്രതികരിച്ചതാണ് പ്രകോപനത്തിന് കാരണം.
Comments