ന്യൂഡൽഹി: രാജ്യത്ത് ചൂട് കനക്കുമ്പോൾ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വരുന്ന അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഉത്തരേന്ത്യയിൽ ഉൾപ്പെടെ ചൂടുകാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചു.
ഡൽഹിയിൽ 39 ഡിഗ്രി വരെ താപനില ഉയരാനുളള സാദ്ധ്യത കൂടുതലാണ്. ചിലപ്പോൾ ഇത് 40 ഡിഗ്രി വരെയാകും. കഴിഞ്ഞ വർഷം മാർച്ച് 30 ന് രേഖപ്പെടുത്തിയ 40.1 ഡിഗ്രി സെൽഷ്യസ് ആണ് ഡൽഹിയിൽ അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. ഡൽഹിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ചേറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 1945 മാർച്ച് 31 നാണ്. 40.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്.
നാളെയും മറ്റെന്നാളുമാണ് ചൂടുകാറ്റിന് സാദ്ധ്യത കൂടുതൽ. ഏപ്രിൽ മാസത്തിലെ ആദ്യ ദിനങ്ങളിൽ അൽപം ശമനം ഉണ്ടാകുമെങ്കിലും പിന്നീട് ചൂട് കൂടുതൽ തീവ്രമായി തുടരും. ബംഗാൾ ഉൾക്കടലിൽ നിന്നും വടക്ക് കിഴക്കൻ മേഖലയിലേക്കുളള തെക്ക്പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും ചൂടുകാറ്റിന് കാരണമാകാമെന്ന് കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു. നേരിയ കാറ്റും വരണ്ട കാലാവസ്ഥയും ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലെ താപനില ഉയർത്തുകയും ചൂടുകാറ്റിന് കാരണമാകുന്ന അന്തരീക്ഷത്തിലേക്ക് നയിക്കുകയും
ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഇതോടൊപ്പം അരുണാചൽ പ്രദേശ്, അസം, മേഘാലയ സംസ്ഥാനങ്ങളിൽ നാളെ മുതൽ ഏപ്രിൽ മൂന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
Comments