ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദ ഗ്രൂപ്പുകളുമായോ ഭീകരരുമായോ ബന്ധമുണ്ടെന്ന് കരുതുന്ന അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ ജമ്മുകശ്മീർ സർക്കാർ സർവ്വീസിൽ നിന്ന് പുറത്താക്കി. പുറത്താക്കിയവരിൽ രണ്ട് പോലീസ് കോൺസ്റ്റബിൾമാരും ഉണ്ടെന്നാണ് റിപ്പോർട്ട്. ജമ്മുകശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നിർദ്ദേശപ്രകാരമാണ് ജീവനക്കാരെ സർവ്വീസിൽ നിന്നും പുറത്താക്കിയത്.
പുൽവാമയിൽ നിന്നുള്ള കോൺസ്റ്റബിൾ തൗസീഫ് അഹമ്മദ് മിർ, ശ്രീനഗറിൽ നിന്നുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ഗുലാം ഹസൻ പരേ, തെക്കൻ കശ്മീരിലെ പുൽവാമയിലെ അവന്തിപോരയിൽ നിന്നുള്ള അദ്ധ്യാപകൻ അർഷിദ് അഹമ്മദ് ദാസ്,കോൺസ്റ്റബിൾ ഷാഹിദ് ഹുസ്സെൻ, കുപ്വാരയിൽ നിന്നുള്ള ഷറഫത്ത് അഹമ്മദ് ഖാൻ എന്നിവരേയാണ് സർക്കാർ പിരിച്ചു വിട്ടത്.
തീവ്രവാദികളുമായുള്ള ബന്ധത്തിന്റെ പേരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ലധികം സർക്കാർ ഉദ്യോഗസ്ഥരെയാണ് സർക്കാർ പിരിച്ചു വിട്ടത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ലഫ്റ്റനനന്റ് ഗവർണർ ഒരു പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 311(2)(സി) പ്രകാരം, തീവ്രവാദ ബന്ധങ്ങൾ ഉണ്ടെന്ന് സംശയം തോന്നുന്നവരെ സർക്കാർ ജോലികളിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള കേസുകൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനും ശുപാർശ ചെയ്യുന്നതിനുമായിട്ടാണ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ്.ഇതിന്റെ സഹായത്തോടെയാണ് തീവ്രവാദ ബന്ധമുള്ള ജീവനക്കാരെ കണ്ടെത്തിയത്.
















Comments