മുംബൈ: വീണ്ടും മറ്റൊരു ദിനേശ് കാർത്തിക് ടച്ച്. എത്ര സമ്മർദ്ദത്തിലും കൂളായി പ്രതിസന്ധി മറികടക്കുന്നതെങ്ങനെയെന്ന് ദിനേശ് കാർത്തിക് ഐപിഎല്ലിൽ വീണ്ടും തെളിയിക്കുകയാണ്. കുറഞ്ഞ സ്‌കോറിനെ പ്രതിരോധിക്കേണ്ടി വന്നിട്ടും അടി പതറിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അവസാന ഓവറിൽ ജയത്തിലേക്ക് എത്തിച്ചത് ദിനേശ് കാർത്തിക്കിന്റെ തികഞ്ഞ ക്ഷമയാണ്.
കൊൽക്കത്തയുടെ തീർത്തും ദുർബലമെന്ന് തോന്നിച്ച 129 റൺസ് പക്ഷെ പ്രതിരോധിക്കാൻ പെടാപാടുപെടുന്ന ബാംഗ്ലൂരിനെയാണ് ഇന്നലെ കണ്ടത്. ജയിച്ചത് 19.2 ഓവറിലും. ആദ്യം 17ന് 3 എന്ന നിലയിലും പിന്നീട് 69ന് 4 എന്ന നിലയിലും പിന്നീട് 111ന് 7 എന്ന നിലയിലും കൂപ്പുകുത്തിയ ബംഗ്ലൂരിനെ ദിനേശ് കാർത്തികാണ് ആന്ദ്രേ റസ്സലിന്റെ നിർണ്ണായക ഓവറിലെ രണ്ടാമത്തെ പന്ത് സിക്‌സറിലേക്ക് പറത്തി ടീമിന് ജയം സമ്മാനിച്ചത്. ഏഴ് പന്തിൽ 14 റൺസുമായി ദിനേശ് കാർത്തിക് പുറത്താകാതെ നിന്നു. ബാംഗ്ലൂരുവിനായി 28 റൺസെടുത്ത റൂഥർഫോഡാണ് അൽപ്പമെങ്കിലും കരുത്തുകാട്ടിയത്. ഷഹബാസ് 27 എടുത്ത് പിന്തുണ നൽകിയെങ്കിലും അവസാന നിമിഷങ്ങളിലെ സമ്മർദ്ദത്തിൽപെട്ട് പുറത്തായി. മികച്ച ബൗളിംഗ് കാഴ്ചവെച്ച ടിം സൗത്തിയും ഉമേഷ് യാദവുമാണ് ബാംഗ്ലൂരുവിന്റെ മുൻനിരയെ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ ശ്രീലങ്കൻ താരം ഹസാരങ്കയാണ് വീഴ്‌ത്തിയത്. ശ്രേയസ്സ് അയ്യരേയും(13), സുനിൽ നരേയ്‌നേയും(12) ഷെൽഡൻ ജാക്‌സണേയും(0), ടിം സൗത്തി യേയും(1) ഹസാരങ്ക വീഴ്‌ത്തി. ആന്ദ്രേ റസ്സൽ 18 പന്തിൽ നേടിയ 25 റൺസാണ് മികച്ച സ്‌കോർ. വാലറ്റത്ത് ഉമേഷ് യാദവും(18), വരുൺ ചക്രവർത്തിയും (10)യുമാണ് ടീമിനെ 129 ലേക്ക് എത്തിച്ചത്.
Comments