തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യനിൽ നിന്നുമുള്ള അൾട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷത്തിലെ ചൂട് 40 ഡിഗ്രി വരെ ഉയരാൻ സാധ്യത ഉണ്ട്. കേരളത്തിൽ മാത്രം അൾട്രാ വയലറ്റ് ഇൻഡക്‌സ് 12 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് വലിയ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ 12 മണി മുതൽ 2 മണി വരെ പുറത്തിറങ്ങരുതെന്നും ജാഗ്രത നിർദ്ദേശമുണ്ട്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ക്രമാതീതമായ രീതിയിലാണ് താപനില ഉയരുന്നത്. വരുന്ന അഞ്ച് ദിവസങ്ങൾക്കുള്ളിൽ ചൂട് കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഡൽഹിയിലും താപനില 40 ഡിഗ്രിയിലേക്കെത്തുമെന്നാണ് റിപ്പോർട്ട്.
ഇന്നും നാളെയും ചൂടുകാറ്റിന് സാധ്യതയുള്ളതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഏപ്രിൽ മാസത്തിലെ ആദ്യ ദിവസത്തിൽ ചൂടിന് അൽപ്പം കുറവ് ഉണ്ടാകുമെങ്കിലും വരും ദിവസങ്ങളിൽ ചൂട് ശക്തമായി ഉയരും. ബംഗാൾ ഉൾക്കടലിൽ നിന്നും വടക്ക് കിഴക്കൻ മേഖലയിലേക്കുള്ള തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും ചൂട് കാറ്റിന് കാരണമായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
















Comments