ന്യൂഡൽഹി: അഫ്‌സ്പ മേഖലകൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത് ശക്തമായ തീരുമാനമാണെന്ന് അസം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അസം എന്ന സംസ്ഥാനം 1990ലാണ് സംഘർഷ മേഖലയായി പ്രഖ്യാപിച്ചത്. അന്നുമുതൽ ഇന്നുവരെ അഫ്‌സ്പ നിയമത്തിലൂടെയാണ് സംസ്ഥാനം കടന്നുപോയത്. ആറ് മാസത്തേക്ക് പ്രാബല്യത്തിൽ വരുന്ന പ്രത്യേക പട്ടാള അവകാശ നിയമം (അഫ്‌സ്പ) ഇതിനോടകം 62 തവണ നീട്ടിയിട്ടുണ്ട്. ഇന്ന് രാത്രി മുതൽ ദശാബ്ദങ്ങളായി തുടർന്ന് പോന്നിരുന്ന അഫ്‌സ്പ പിൻവലിക്കുകയാണ്. ഒമ്പത് ജില്ലകളും ഒരു സബ്ഡിവിഷനും ഒഴികെയുള്ള അസമിലെ 60 ശതമാനം പ്രദേശവും ഇന്ന് അർദ്ധരാത്രി മുതൽ അഫ്‌സ്പയിൽ നിന്ന് മുക്തമാകുമെന്നും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
ഇനിയും മെച്ചപ്പെടാനുള്ള അസമിലെ ചില മലയോര പ്രദേശങ്ങളിൽ മാത്രമാണ് അഫ്‌സ്പ തുടർന്നും നിലനിൽക്കുക. ആകെ 78,438 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതിയുള്ള അസമിൽ 31,724.94 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മാത്രമാണ് ഇന്നുമുതൽ അഫ്‌സ്പ തുടരുകയെന്നും ബാക്കി പ്രദേശങ്ങൾ പ്രത്യേക പട്ടാള അവാകശ നിയമത്തിൽ നിന്നും മുക്തമാണെന്നും അസം മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് വൈകീട്ടോടെയായിരുന്നു അഫ്‌സ്പ മേഖലകൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. അസം, നാഗാലാൻഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. അഫ്‌സ്പ പിൻവലിച്ച പ്രദേശങ്ങളിൽ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടുവെന്ന നിരീക്ഷണത്തെ തുടർന്നാണ് തീരുമാനമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.
Comments