ലക്‌നൗ : മുത്വലാഖിനെതിരെ പ്രചാരണം നടത്തുന്ന ബിജെപി വനിതാ നേതാവ് നിദാ ഖാനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടിയുമായി പോലീസ്. സംഭവത്തിൽ ആറ് പേർക്കെതിരെ കേസ് എടുത്തു. നിദയുടെ ഭർത്താവ് ഷീരാൺ റാസ് ഖാൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് എടുത്തത്.
ബിജെപി വിട്ട് വരണമെന്ന് ആവശ്യപ്പെട്ട് നിദയുടെ ഭർത്താവും ബന്ധുക്കളുമാണ് ഭീഷണി മുഴക്കിയത്. ഈ മാസം 26 നായിരുന്നു സംഭവം. വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുവീട്ടിൽ എത്തിയ വനിതാ നേതാവിനെ ഭർത്താവും ബന്ധുക്കളും ചേർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നിദ നൽകിയ പരാതിയിലാണ് ആറ് പേർക്കെതിരെ പോലീസ് കേസ് എടുത്തത്.
ഷീരാൺ റാസ് ഖാൻ നിദയെ മൊഴിചൊല്ലി ബന്ധം വേർപെടുത്തിയിരുന്നു. ഇതിന് ശേഷമാണ് നിദ ബിജെപിയിൽ ചേർന്ന് മുത്വലാഖിനെതിരെ പ്രചാരണം നടത്താൻ ആരംഭിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ നിദ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഭീഷണിയുമായി ഭർത്താവ് രംഗത്ത് വന്നിരിക്കുന്നത്.
Comments