ഹൈദരാബാദ് : തെലങ്കാനയിൽ ഉയർന്ന താപനില രേഖപ്പെടുത്തുന്നതിന്റ പശ്ചാത്തലത്തിൽ ഉച്ചയ്‌ക്ക് 12നും 4നും ഇടയിൽ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്തുടനീളം ചുടുകാറ്റിന് സാധ്യതയുള്ളന്നതിനാൽ ഓറഞ്ച് അലർട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹൈദരാബാദ് ഉൾപ്പെടെയുള്ള വൻ നഗരങ്ങളും പല ജില്ലകളും കനത്ത ചൂടാണ് അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ സൂര്യാഘാതം സംഭവിച്ചേക്കാമെന്നും ജനങ്ങൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ ജി ശ്രീനിവാസ് റാവു അറിയിച്ചു.
വ്യാഴാഴ്ച ഹൈദരാബാദിൽ കൂടിയ താപനില 40.8 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24.6 ഡിഗ്രി സെൽഷ്യസുമായിരുന്നു. ശരീരത്തിന് നിർജ്ജലീകരണം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അങ്കണവാടികളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ഒ.ആർ.എസ് പാക്കറ്റുകൾ വിതരണം ചെയ്യുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ശരീരത്തിൽ ജലത്തിന്റെ അളവ് കുറയുന്ന അവസ്ഥയിൽ ഉടൻ ഉപയോഗിക്കാവുന്നതാണ് ഒ.ആർ.എസ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ചുടുകാറ്റിന് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ താപനില 40 ഡിഗ്രി വരെ ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
Comments