ലോസാഞ്ചലോസ്: അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്‌സ് ആൻഡ് സയൻസിൽ നിന്നും ഓസ്‌കർ ജേതാവ് വിൽ സ്മിത്ത് രാജിവെച്ചു. അച്ചടക്ക നടപടി ചർച്ച ചെയ്യാൻ യോഗം ചെയ്യാനിരിക്കെയാണ് രാജി. ഓസ്‌കർ വേദിയിലെ തന്റെ പെരുമാറ്റം മാപ്പർഹിക്കാത്തതാണെന്ന് വിൽ സ്മിത്ത് പറഞ്ഞു. അക്കാദമി തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കാനായില്ലെന്നും വിൽ സ്മിത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ അറിയിച്ചു.
ഓസ്‌കർ വേദിയിലുണ്ടായ തന്റെ പെരുമാറ്റം ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതും മാപ്പർഹിക്കാത്തതുമാണ്. താൻ വേദനിപ്പിച്ചവരുടെ ലിസ്റ്റ് വളരെ വലുതാണ്. അതിൽ ക്രിസ്, അദ്ദേഹത്തിന്റെ കുടുംബം, തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളും പ്രിയപ്പെട്ടവരും, വേദിയിൽ സന്നിഹിതരായിരുന്നവരും ആഗോള പ്രേക്ഷകരും ഉൾപ്പെടുന്നുവെന്ന് വിൽ സ്മിത്ത് പ്രസ്താവനയിൽ പറയുന്നു.
അക്കാദമിയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനായില്ല. ഓസ്‌കർ പുരസ്‌കാരത്തിനായി നോമിനേഷൻ സമർപ്പിച്ചവരുടേയും പുരസ്‌കാരം ലഭിച്ചവരുടേയും അടക്കം നിരവധി പേരുടെ സന്തോഷം താൻ ഇല്ലാതാക്കി. വേദിയിലുണ്ടായ സംഭവത്തിൽ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അക്കാദമി സ്വീകരിക്കുന്ന തുടർ നടപടികൾ അഭിമുഖീകരിക്കാൻ തയ്യാറാണെന്നും വിൽ സ്മിത്ത് പ്രസ്താവനയിൽ പറയുന്നു.
അതേസമയം സംഭവത്തിൽ അക്കാദമി വിൽ സ്മിത്തിനോട് വിശദീകരണം തേടിയിരുന്നു. ഏപ്രിൽ 18ന് ഇതുസംബന്ധിച്ച് ചർച്ച ചെയ്യാനിരിക്കെയാണ് വിൽ സ്മിത്തിന്റെ രാജി. ഭാര്യ ജാദ പിക്കറ്റിന്റെ ഹെയർ സ്റ്റൈലിനെ ക്രിസ് റോക്ക് കളിയാക്കിയതായിരുന്നു വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. വേദിയിലേക്ക് കടന്നു വന്ന വിൽ സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്തടിക്കുകയായിരുന്നു. വിൽസ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കർ വേദിയെ ഞെട്ടിച്ചിട്ടിരുന്നു.
















Comments