മാർച്ച് മാസം കടന്നു പോയത് 122 വർഷത്തിനിടയിലെ കഠിന ചൂടിലൂടെ: കാലാവസ്ഥാ വകുപ്പ് പറയുന്നത് ഇങ്ങനെ

Published by
Janam Web Desk

ന്യൂഡൽഹി: രാജ്യം ഇത്തവണ കടന്നുപോയത് 122 വർഷങ്ങൾക്കിടയിലെ ഏറ്റവും ചൂട് കൂടിയ ദിനങ്ങളിലൂടെ കാലാവസ്ഥാ വകുപ്പ്. ഒന്നെകാൽ നൂറ്റാണ്ടിലെ ഏറ്റവും ചൂടുകൂടിയ മാസമായിരുന്നു മാർച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ ഏറ്റവും ചൂടേറിയ മാസവും മദ്ധ്യ ഇന്ത്യയിലെ രണ്ടാമത്തെ ചൂടേറിയ മാസവുമായിരുന്നു മാർച്ച്. 1901 ന് ശേഷം രേഖപ്പെടുത്തിയിട്ടുള്ള ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാർച്ചായിരുന്നു കഴിഞ്ഞ മാസമെന്ന് ഐഎംഡി ഡാറ്റ കാണിക്കുന്നു.

1901 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 2010 ആയിരുന്നു നേരത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയ വർഷം. 2010മാർച്ചിൽ അനുഭവപ്പെട്ട പരമാവധി താപനില ഇത്തവണ മറികടന്നുവെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 2010 മാർച്ചിൽ ഇന്ത്യയിൽ രേഖപ്പെടുത്തിയ ഉയർന്ന പകൽ താപനില ശരാശരി 33.09 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. എന്നാൽ ഇത്തവണ മാർച്ചിൽ 33.1 ഡിഗ്രി സെൽഷ്യസായിരുന്നു കണക്കെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാർച്ച് മാസത്തിന്റെ രണ്ടാം പകുതിയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയർന്ന പകൽ താപനിലയാണ് രേഖപ്പടുത്തിയത്. ഇതിനൊപ്പം കുറഞ്ഞ വേനൽ മഴയാണ് ലഭിച്ചത്. ഇന്ത്യയ്‌ക്ക് പുറമെ ആഗോള തലത്തിലും കഴിഞ്ഞ 20 വർഷത്തെക്കാൾ ഏറ്റവും ചൂടേറിയ വർഷങ്ങളാണ് ഇപ്പോഴത്തേതെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇന്ത്യയിലെ കാലാവസ്ഥയെ തീവ്രമാക്കുന്ന ഉഷ്ണ തരംഗങ്ങൾ, ചുഴലിക്കാറ്റ് കനത്ത മഴ എന്നിവ ഇതിന്റെ ഭാഗമാണ്.

Share
Leave a Comment