ജയ്പൂർ: രാജസ്ഥാനിൽ മോട്ടോർസൈക്കിൾ റാലിക്കിടെ സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കരൗലിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഹിന്ദു പുതുവർഷമായ നവ് സംവത്സറിന്റെ ഭാഗമായി നടന്ന ‘ശോഭ യാത്ര’യിൽ അജ്ഞാതരായ ചിലർ കല്ലെറിഞ്ഞ് സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസുകാരും റാലിയിൽ പങ്കെടുത്തവരുമുൾപ്പെടെ 42 പേർക്ക് പരിക്കേറ്റിരുന്നു.
സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി വരെ കർഫ്യൂ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് വിവരം. പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര ഡിജിപി എം.എൽ ലാത്തറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് ജനങ്ങൾ ശാന്തരായിരിക്കാൻ ഗവർണർ ആവശ്യപ്പെട്ടു. ഹിന്ദു ആചാരപ്രകാരമുള്ള ആഘോഷത്തിനിടെ തടസം സൃഷ്ടിക്കുന്നതിനായി ചിലർ മനഃപൂർവം ശ്രമിച്ചതിന്റെ ഭാഗമായാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.
സംഭവത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസ് പാർട്ടി ഭരിക്കുന്ന സർക്കാരിനാണെന്ന് ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ സതീഷ് പൂനില പ്രതികരിച്ചു. ഇതുവരെയും ഒരു അറസ്റ്റ് പോലും നടത്താൻ കഴിഞ്ഞിട്ടില്ലെന്നും ഗൂഢാലോചനയുടെ ഭാഗമായി നടന്ന ആക്രമണമാണിതെന്നും സതീഷ് പൂനില പറഞ്ഞു. റാലി നടന്നത് മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്താണെന്നും ഇതിൽ അതൃപ്തിയുണ്ടായിരുന്ന വിഭാഗമാണ് റാലിക്കെത്തിയ ജനങ്ങളെ ആക്രമിച്ചതെന്നുമാണ് വിവരം.
Comments