എം.കെ സ്റ്റാലിനെ പ്രകീർത്തിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസംഗം മാദ്ധ്യമങ്ങൾ വിലയിരുത്തയത് തെറ്റായ രീതിയിലാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. തമിഴ്‌നാട്ടിൽ നടന്ന പരിപാടി ആയിരുന്നതിനാലാണ് സ്റ്റാലിനെ യെച്ചൂരി പരാമർശിച്ചതെന്നും ബിജെപിക്കെതിരായ സംഭാവനകൾ നൽകാൻ സ്റ്റാലിന് കഴിയുമെന്നാണ് യെച്ചൂരി പറഞ്ഞതെന്ന് എം.എ ബേബി പറഞ്ഞു.
ബിജെപി ഇതര സംസ്ഥാന മുഖ്യമന്ത്രിമാരിൽ ഏറ്റവും സ്വീകാര്യൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആണെന്നായിരുന്നു യെച്ചൂരി പറഞ്ഞത്. തമിഴ്‌നാട്ടിൽ പാർട്ടി സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ബിജെപിക്ക് എതിരായ തമിഴ്‌നാടിന്റെ പ്രതിരോധം രാജ്യത്തിന് മാതൃകയാണ്. സാമൂഹിക നീതിയും ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്യാൻ സ്റ്റാലിന്റെ നേതൃത്വത്തിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും യെച്ചൂരി അഭ്യർത്ഥിച്ചിരുന്നു.
സ്റ്റാലിനെ പുകഴ്‌ത്തിയുള്ള യെച്ചൂരിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ പിണറായി വിജയനെ തഴഞ്ഞോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു. നമ്പർ വൺ കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് പിണറായി വിജയനെ പാർട്ടി പുകഴ്‌ത്തുമ്പോഴും പാർട്ടിയുടെ ദേശീയ നേതാവ് കൈവിട്ടല്ലോയെന്നായിരുന്നു വിമർശനം. ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും മികച്ചതായി സ്റ്റാലിനെ പുകഴ്‌ത്തിയപ്പോൾ പിണറായിയെ മറന്നത് എന്തുകൊണ്ടെന്നായിരുന്നു വിമർശനമായി ഉയർന്നത്. എന്നാൽ തമിഴ്‌നാട്ടിൽ ആയതിനാലായിരുന്നു യെച്ചൂരി അപ്രകാരം പറഞ്ഞതെന്ന വിശദീകരണമാണ് ഇപ്പോൾ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി നൽകിയിരിക്കുന്നത്.
















Comments