ഹൈദരാബാദ്: ആഡംബരഹോട്ടലിലെ ലഹരിമരുന്ന് പാർട്ടിയ്‌ക്കിടെ മകളും തെലുങ്ക് നടിയുമായ നിഹാരിക കൊണിഡേലയും സുഹൃത്തുക്കളും പിടിക്കപ്പെട്ടതിന് പിന്നാലെ വീഡിയോയുമായി നടൻ നാഗബാബു. മകൾ തെറ്റ് ചെയ്തിട്ടില്ലെന്നും അനുവദനീയമായ സമയപരിധിക്കപ്പുറം പ്രവർത്തിച്ചതിനാണ് പബ്ലിൽ റെയ്ഡ് നടത്തിയതെന്നും നടൻ പറഞ്ഞു.
പോലീസ് നൽകുന്ന വിവരം അനുസരിച്ച് എന്റെ മകൾ തെറ്റ് ചെയ്തിട്ടില്ല. ആ സമയത്ത് നിഹാരിക അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്. ഈ വിഷയത്തിൽ അനാവശ്യ ഊഹാപോഹങ്ങളുടെ ആവശ്യമില്ലെന്നും നടൻ വീഡിയോയിൽ പറയുന്നു. അതേസമയം നിഹാരികയേയും ബിഗ്‌ബോസ് സീസൺ 3 വിജയിയും പ്രശസ്ത പിന്നണി ഗായകനുമായ രാഹുലിനേയും നോട്ടീസ് നൽകി വിട്ടയച്ചതായാണ് വിവരം.
ബഞ്ചറാഹിൽസിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ പബ്ബിൽ നടന്ന പാർട്ടിക്കിടെയാണ് പോലീസിന്റെ പ്രത്യേകസംഘം റെയ്ഡ് നടത്തിയത്. പാർട്ടി നടത്തിയ ഹോട്ടലിൽ നിന്ന് കൊക്കയ്ൻ അടക്കമുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തതായാണ് വിവരം. നിഹാരികയേയും രാഹുലിനേയും കൂടാതെ ആന്ധ്രാപ്രദേശ് പിഎസ്എസി ചെയർമാനും മുൻ ഡിജിപിയുമായ ഗൗതം സവാങ്ങിന്റെ മകൾ,ഗുണ്ടൂർ എംപി ഗല്ല ജയദേവിന്റെ മകൻ തുടങ്ങിയവരും കസ്റ്റഡിയിലായിട്ടുണ്ടെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പുലർച്ചെ 2.30-ഓടെ പോലീസ് സംഘം പബ്ബിലെത്തുമ്പോൾ 150 ലേറെ പേർ പാർട്ടിയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. പോലീസിനെ കണ്ടെതോടെ പലരും ലഹരിമരുന്ന് അടങ്ങിയ പാക്കറ്റ് വലിച്ചെറിഞ്ഞതായാണ് വിവരം. സംഭവസമയത്ത് പബ്ബിലുണ്ടായിരുന്നവരെയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹോട്ടലിലെ രണ്ട് മാനേജർമാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. എത്ര ഉന്നതരായാലും വിശദമായി ചോദ്യം ചെയ്യാതെ ആരേയും വിട്ടയക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.
ഹോട്ടലിന്റെ ബാർ ലൈസൻസ് ദുരുപയോഗം ചെയ്താണ് പുലർച്ചെവരെ നീളുന്ന റേവ് പാർട്ടി സംഘടിപ്പിച്ചതെന്നാണ് പോലീസ് നൽകുന്നവിവരം. സംഭവവുമായി ബന്ധപ്പെട്ട് ബഞ്ചരാഹിൽസിൽ പോലീസ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. വിവരമറിഞ്ഞിട്ടും നടപടിയെടുക്കാത്തതിനാലാണ് സസ്‌പെൻഡ് ചെയ്തത്.
















Comments