ഇസ്ലമാബാദ്: പാകിസ്താനെ അസ്ഥിരപ്പെടുത്താൻ എല്ലാ നീക്കങ്ങളും നടത്തുന്നത് അമേരിക്ക യാണെന്ന ആരോപണവുമായി ഇമ്രാൻഖാൻ. അവിശ്വാസ വോട്ടെടുപ്പിന് അവസരം നൽകാതിരുന്ന ഇമ്രാൻ രണ്ടാമത് തിരഞ്ഞെടുപ്പിന് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യ ത്തിലാണ് അമേരിക്കയ്‌ക്കെതിരെ പ്രതികരിച്ചത്. അമേരിക്കൻ ഉദ്യോഗസ്ഥൻ ഡൊണാൾഡ് ലൂ പാക് നയതന്ത്രപ്രതിനിധിയെ ഭീഷണിപ്പെടുത്തിയെന്നാണ് ഇമ്രാൻ ആരോപിക്കുന്നത്.
പാകിസ്താനെ ഇല്ലാതാക്കാനാണ് അമേരിക്കയുടെ ശ്രമം. ഭരണകൂടത്തെ അട്ടിമറിക്കാൻ നടന്നിരിക്കുന്നത് അന്താരാഷ്‌ട്ര ഗൂഢാലോചനയാണ്. അമേരിക്കയുടെ നയതന്ത്ര ഉദ്യോഗസ്ഥൻ ഡൊണാൾഡ് ലൂ എല്ലാ തന്ത്രങ്ങളും മെനഞ്ഞു. പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് നടത്താൻ സഭാ ഉപാധ്യക്ഷൻ വിസമ്മതിച്ചതിന് പിന്നാലെ നടന്ന പാർട്ടി നേതാക്കളുടെ യോഗത്തിലാണ് ഇമ്രാൻ എല്ലാ കുറ്റങ്ങളും അമേരിക്കയുടെ മേൽ ചുമത്തിയത്.
പാകിസ്താന്റെ വിദേശ നയം തികച്ചും സ്വതന്ത്രമാണ്. എന്നും അങ്ങിനെ നിൽക്കാനാണ് തന്റെ ആഗ്രഹം. ചിലരുടെ ഇംഗിതത്തിനനുസരിച്ച് ജീവിക്കേണ്ട ജനതയല്ല പാകിസ്താന്റേത്. ഇമ്രാൻഖാൻ അവിശ്വാസത്തിനെതിരെ വിജയിച്ചാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നാണ് അമേരിക്കൻ പ്രതിനിധി മുന്നറിയിപ്പ് നൽകിയത്. അമേരിക്കയിലുള്ള പാക്സ്ഥാനപതി അസദ് മജീദിനെ വിളിച്ചുവരുത്തിയാണ് ഏഷ്യൻ മേഖലയുടെ ചുമതലയുള്ള ഡൊണാൾഡ് ലൂ ഭീഷണി മുഴക്കിയതെന്നും ഇമ്രാൻ ആരോപിച്ചു.
















Comments