ലണ്ടൻ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ആവേശം ആദ്യഘട്ടം പൂർത്തിയായ ശേഷം ആരംഭിച്ച പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുൻനിര ടീമുകൾക്ക് ജയവും തോൽവിയും സമനിലയും. സീസണിൽ ഇനി ഏഴ് മത്സരങ്ങൾ അവശേഷിക്കെ ലിവർപൂളിനും സിറ്റിക്കും പിന്നാലെ ടോട്ടനവും ജയം നേടി. അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞപ്പോൾ ചെൽസി നാണം കെട്ട തോൽവി ഏറ്റുവാങ്ങി ആസ്റ്റൺ വില്ലയ്‌ക്കും പരാജയം നേരിടേണ്ടി വന്നു.
ടോട്ടനം ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ന്യൂകാസിലിനെ തകർത്തുവിട്ടത്. ആദ്യ പകുതിയിൽ രണ്ടു ഗോളുകളും ബാക്കി മൂന്നെണ്ണം രണ്ടാം പകുതിയിലുമാണ് വീണത്. ബെൻ ഡേവിയസ്, മാറ്റ് ദോഹർട്ടി, സോൺ ഹ്യൂ മിൻ, എമേഴ്‌സൺ റോയൽ, സ്റ്റീവൻ ബെർഗീവിന്നുമാണ് ഗോളുകൾ നേടിയത്.
ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വാട്ട്‌ഫോഡിനെ തോൽപ്പിച്ചപ്പോൾ, സിറ്റി അതേ നിലയിൽ ബേൺലിയേയും പരാജയപ്പെടുത്തി. ലിവർ പൂളിനായി 22-ാം മിനിറ്റിൽ ഡീഗോ ജോട്ടയും ഫാബിനോ 89-ാം മിനിറ്റിലും ഗോളുകൾ നേടി. മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത് ബേൺലിയെയാണ്. 5-ാം മിനിറ്റിൽ കെവിന് ഡീ ബ്രൂണേയും 25-ാം മിനിറ്റിൽ ഇൽകേ ഗുൺഡോഗണുമാണ് ഗോളുകൾ നേടിയത്.
ഇതേ സമയം ചെൽസി ഒന്നിനെതിരെ നാല് ഗോളുകൾക്ക് കനത്ത പരാജയം ഏറ്റുവാങ്ങി. ബ്രെന്റ്‌ഫോഡാണ് നീലപ്പടയെ തകർത്തുവിട്ടത്. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്ററും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
Comments