ന്യൂഡൽഹി: നാലാം തവണയും ഹംഗേറിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിക്ടർ ഓർബന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഫിഡെസ്-കെഡിഎൻപി സഖ്യം വിജയിച്ചതിന് പിന്നാലെയാണ് നാലാം തവണയും ഓർബൻ പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കാൻ ഒരുങ്ങുന്നത്.
‘ഹംഗറിയിൽ നടന്ന പാർലമെന്ററി തിരഞ്ഞെടുപ്പിൽ വിജയിച്ച പ്രധാനമന്ത്രി വിക്ടർ ഓർബന് അഭിനന്ദനങ്ങൾ നേരുന്നു. ഇന്ത്യയും ഹംഗറിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢപ്പെടുത്താൻ താങ്കളുമായി ഇനിയും പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം’ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
Congratulations, Prime Minister Viktor Orbán, on your victory in the Parliamentary elections in Hungary. Look forward to continue working with you to further strengthen the close and friendly India-Hungary ties.
— Narendra Modi (@narendramodi) April 4, 2022
71 ശതമാനം വോട്ടുകൾ എണ്ണിയതിൽ 54.65 ശതമാനം നേടിയാണ് ഫിഡെസ്-കെഡിഎൻപി സഖ്യം ലീഡ് ചെയ്തത്. 199 സീറ്റുകളുള്ള പാർലമെന്റിൽ നിന്ന്, 134 സീറ്റുകളാണ് ഫിഡെസ്-കെഡിഎൻപി നേടിയത്. 2010, 2014, 2018 വർഷങ്ങളിലും സഖ്യം വിജയം കൈവരിച്ചിരുന്നു.
യുക്രെയ്‌ന്റെ യുദ്ധമുഖത്ത് നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഹംഗറി വളരെ അധികം സഹായിച്ചിരുന്നു. ഹംഗറിയുടെ അതിർത്തിയിലെത്തിയ ഇന്ത്യക്കാരെ സുരക്ഷിതമായി ബുഡാപെസ്റ്റിലെ വിമാനത്താവളത്തിലെത്തിച്ച്, അവിടെ നിന്നും അവരെ ഇന്ത്യയിലേയ്‌ക്ക് എത്തിക്കാൻ ഹംഗേറിയൻ ഭരണകൂടവും നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. ഇന്ത്യയും ഹംഗറിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഫലമാണ് പ്രതിസന്ധിഘട്ടങ്ങളിലുള്ള പരസ്പര സഹായമെന്നാണ് ലോക രാഷ്‌ട്രങ്ങൾ വിലയിരുത്തിയത്.
Comments