ജയ്പൂർ: മതതീവ്രവാദികൾ അഴിച്ചുവിട്ട അക്രമത്തിൽ നിന്ന് പിഞ്ചു കുഞ്ഞിനെ നെഞ്ചോടടക്കി രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹം. രാജസ്ഥാൻ പോലീസ് കോൺസ്റ്റബിൾ നടരേഷ് ശർമയാണ് കത്തിയാളുന്ന തീയിൽ നിന്ന് കുഞ്ഞിന് രക്ഷകനായത്.
രാജസ്ഥാനിലെ കരൗലിയിൽ ഇന്നലെ ഹൈന്ദവ വിശ്വാസികൾ സംഘടിപ്പിച്ച പുതുവത്സരാഘോഷത്തിനിടെയാണ് മത തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടത്. ബൈക്ക് റാലി മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഹത്ത്വാര ബസാറിലൂടെ കടന്നുപോകുന്നതിനിടെ മതതീവ്രവാദികൾ ഹിന്ദുക്കൾക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി.
മതതീവ്രവാദികൾ വീടുകൾക്കും കടകൾക്കും തീയിട്ടതോടെ പോലീസ് തീയണയ്‌ക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടയിലാണ് തീപിടിച്ച വീട്ടിൽ സ്ത്രീകളും കൈക്കുഞ്ഞും കുടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ കുഞ്ഞിനേയും സ്ത്രീകളേയും രക്ഷപ്പെടുത്തുകയായിരുന്നു.
കുഞ്ഞിനെ ചേർത്ത് പിടിച്ച് തീയിലൂടെ ഓടുന്ന നടരേഷിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി പേരാണ് നടരേഷിനെ പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാൽ താൻ തന്റെ കടമ മാത്രമാണ് നിർവ്വഹിച്ചതെന്ന് നടരേഷ് പറഞ്ഞു.
തീയിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ കാണിച്ച ധീരതയ്‌ക്ക് നടരേഷിന് ധീരതയ്‌ക്കുള്ള അവാർഡ് നൽകി ആദരിക്കണമെന്നാണ് പലരുടേയും നിർദ്ദേശം. സ്വന്തം ജീവൻ മറന്ന് നാല് പേരുടെ ജീവൻ രക്ഷിക്കാൻ തയ്യാറായ ഉദ്യോഗസ്ഥന് അർഹമായ പരിഗണന നൽകി സർവ്വീസിൽ സ്ഥാനക്കയറ്റം ഉൾപ്പെടെ നൽകണമെന്നും ആളുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി ആവശ്യപ്പെട്ടു തുടങ്ങിക്കഴിഞ്ഞു. അതേസമയം മതതീവ്രവാദികളുടെ ആക്രമണം കാരണം സംഘർഷ ഭൂമിയായ കരൗലിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.
















Comments