ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉത്തർപ്രദേശ് സർക്കാർ. ഞായറാഴ്ച രാത്രിയായിരുന്നു ഗോരഖ്നാഥ് ക്ഷേത്രത്തിൽ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കെമിക്കൽ എഞ്ചിനീയറായ അഹമ്മദ് മുർത്താസ അബ്ബാസി എന്നയാൾ ആക്രമിച്ചത്. സംഭവത്തിൽ രണ്ട് സായുധ ജവാൻമാർക്ക് പരിക്കേറ്റിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ദൃശ്യങ്ങളിൽ പ്രതി സുരക്ഷാ ഉദ്യോഗസ്ഥരെ വാളുമായി പിന്തുടരുന്നത് കാണാം. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ സംഭവിച്ചത് ഭീകരാക്രമണമായി വിലയിരുത്താമെന്നാണ് യുപി സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഭീകരാക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ അക്രമി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തിയെന്നും ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ആക്രമണത്തിൽ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥർക്കും ജവാന്മാർക്കും യോഗി സർക്കാർ അഞ്ച് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷിക്കാനും സർക്കാർ ഉത്തരവിട്ടു. ആക്രമണത്തിന് പിന്നാലെ തിങ്കളാഴ്ച ഗോരഖ്‌നാഥിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. യുപിയിലെ ഗോരഖ്പൂരിലാണ് ഗോരഖ്നാഥ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഗോരഖ്പൂരിലെ സിവിൽ ലൈൻസ് ഏരിയയിലെ താമസക്കാരനാണ് ആക്രമണത്തിൽ പിടിയിലായ അഹമ്മദ് മുർത്താസ അബ്ബാസി. ഇയാൾ ഐഐടി മുംബൈയിൽ നിന്ന് 2015ൽ കെമിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതാണ്. ഇതിന് ശേഷം രണ്ട് പ്രമുഖ കമ്പനികളിൽ ജോലി ചെയ്തു. അബ്ബാസിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മാനസിക പ്രശ്‌നത്തിന് ഇയാൾ ചികിത്സയിലായിരുന്നുവെന്നും അബ്ബാസിയുടെ കുടുംബം പറയുന്നു. ആക്രമണത്തിന് പിന്നാലെ പിടിയിലായ അബ്ബാസിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഗോരഖ്പൂർ കോടതി.
Comments