കീവ്: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി ഇന്ന് യുഎൻ സുരക്ഷ കൗൺസിലിനെ അഭിസംബോധന ചെയ്യും. റഷ്യൻ സൈന്യം സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്ന വിഷയം ഉൾപ്പെടെ ചർച്ചയാവും. ഇന്നലെ മാത്രം നൂറ് കണക്കിന് സാധാരണക്കാരുടെ മൃതദേഹങ്ങളാണ് യുക്രെയ്‌നിൽ നിന്നും കണ്ടെത്തിയത്. കൂടാതെ, കീവിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ റഷ്യ സാധാരണക്കാരെ കൊന്നൊടുക്കിയ ക്രൂരതയും സെലൻസ്‌കി കൗൺസിലിനെ അറിയിക്കും.
എന്നാൽ, സെലൻസ്‌കിയുടെ കുറ്റാരോപണങ്ങൾ റഷ്യ നിഷേധിച്ചു. സാധാരണക്കാരെ കൊലപ്പെടുത്തിയിട്ടില്ലെന്നും ക്രിമിനൽ മനോഭാവമുള്ളവരെയാണ് വകവരുത്തിയതെന്നും റഷ്യ ആരോപിച്ചു. റഷ്യൻ സൈന്യം അതിക്രമങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും, ഇതിനുള്ള തെളിവുകൾ സുരക്ഷ കൗൺസിലിന് മുൻപാകെ സമർപ്പിക്കുമെന്നും റഷ്യ അറിയിച്ചു.
അതേസമയം, റഷ്യൻ പട്ടാളം പിന്മാറിയതിന് പിന്നാലെ ബൂച്ച നഗരത്തിലേയ്‌ക്ക് യുക്രെയ്ൻ പട്ടാളം തിരികെ എത്തിയിരുന്നു. യുക്രെയ്ൻ സൈന്യം നഗരം തിരിച്ച് പിടിച്ചപ്പോൾ റോഡിൽ 20 ഓളം മൃതദേഹങ്ങൾ അഴുകി കിടക്കുകയായിരുന്നു. 280 പേരെ കൂട്ടക്കുഴിമാടങ്ങളിൽ അടക്കം ചെയ്തതായി മേയർ പറഞ്ഞു.
Comments