ലക്‌നൗ: ഗോരഖ്നാഥ് ക്ഷേത്രത്തിൽ ആക്രമണം നടത്തിയ അഹമ്മദ് മുർത്താസ അബ്ബാസിക്ക് പ്രചോദനമായത് വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കാണെന്ന് സൂചന. കെമിക്കൽ എഞ്ചിനീയറായ അബ്ബാസിയുടെ ലാപ് ടോപ്പ്, പെൻഡ്രൈവ് എന്നിവയിൽ നിന്നും ജിഹാദി വീഡിയോകൾ ഉൾപ്പെടെ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇത്തരമൊരു കണ്ടെത്തലിലേക്ക് എത്തിയത്. സംഭവത്തിൽ യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പ്രത്യേക സംഘവും ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച ഗോരഖ്പൂർ ക്ഷേത്രത്തിലുണ്ടായ ആക്രമണത്തിൽ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരായിരുന്ന ജവാന്മാർക്കും പോലീസുകാർക്കമാണ് പരിക്കേറ്റത്. ആക്രമണത്തിനിടെ ‘അല്ലാഹു അക്ബർ’ എന്ന മുദ്രാവാക്യവും അക്രമി ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മുംബൈ, കോയമ്പത്തൂർ, നേപ്പാൾ എന്നിവിടങ്ങളിലേക്ക് അബ്ബാസി യാത്ര ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സഹായികളായ രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
അതേസമയം ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് യുപി സർക്കാരിന്റെ വിലയിരുത്തൽ. ഭീകരാക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ അക്രമി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തിയെന്നും ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥർക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്.
















Comments