തിരുവനന്തപുരം: സോളാർ പീഡന കേസിൽ എംഎൽഎ ഹോസ്റ്റലിൽ സിബിഐ പരിശോധന. ഹോസ്റ്റൽ മുറിയിൽവെച്ച് ഹൈബി ഈഡൻ എംഎംൽഎ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. പരാതിക്കാരിയുമൊത്ത് സീൻ മഹ്‌സർ തയ്യാറാക്കാനുള്ള സിബിഐ നീക്കത്തിന്റെ ഭാഗമായാണ് പരിശോധന. അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്.
ഹൈബി ഈഡൻ എംഎൽഎ ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ 34-ാം നമ്പർ മുറിയിലാണ് പരിശോധന നടത്തുന്നത്. 2013ൽ നടന്ന സംഭവത്തിന്റെ തെളിവെടുപ്പാണ് ഹോസ്റ്റലിൽ പുരോഗമിക്കുന്നത്. അന്വേഷണ സംഘത്തോടൊപ്പം പരാതിക്കാരിയുമുണ്ടെന്നാണ് റിപ്പോർട്ട്.
ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 2021ലാണ് സിബിഐ ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച ശേഷം പരാതിക്കാരിയുടെ അപേക്ഷയിലാണ് കേസ് സിബിഐയ്‌ക്ക് കൈമാറിയത്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഭവത്തിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. റിപ്പോർട്ട് പ്രകാരം പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ല.
അതേസമയം, കേസിൽ ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, അടൂർ പ്രകാശ്, എപി അനിൽ കുമാർ, ഹൈബി ഈഡൻ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ സമർപ്പിച്ചിരിക്കുന്നത്. ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകൾ ചുമത്തി ആറ് എഫ്‌ഐആറുകളാണ് കേസിലുള്ളത്.
Comments