ഭോപ്പാൽ: കൈവിലങ്ങുകൾ അണിഞ്ഞ കുറ്റവാളിക്കൊപ്പം ഗംഗാനദിയിൽ സ്‌നാനം ചെയ്ത പോലീസ് ഉദ്യോസ്ഥരുടെ ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നും പിടിയിലായ കുറ്റവാളിക്കൊപ്പമാണ് മദ്ധ്യപ്രദേശ് പോലീസ് ഗംഗയിൽ മുങ്ങി നിവർന്നത്. കൈവിലങ്ങുകൾ അണിയിച്ച ശേഷമായിരുന്നു പോലീസ് സംഘത്തിന്റെ പുണ്യ സ്‌നാനം.
മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വന്നത്. സംഭവമിങ്ങനെ, ഈ കഴിഞ്ഞ ഫെബ്രുവരി 16 ന് മദ്ധ്യപ്രദേശിലെ ബുർഹാൻപൂരിൽ നിന്നുള്ള ഒരു പോലീസ് സംഘം ഉത്തർപ്രദേശിലെത്തി. ലാൽബാഗ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളും ഉൾപ്പെടുന്ന സംഘമാണ് യുപിയിലെ പ്രതാപ്ഗഡിൽ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അവർ ഒരു കുറ്റവാളിയെ പിടികൂടുകയും ചെയ്തു.
തിരിച്ച് മദ്ധ്യപ്രദേശിലേക്കുള്ള യാത്രയ്‌ക്കിടെ പോലീസ് ഉദ്യോഗസ്ഥർ ഗംഗാ നദിയിയുടെ കരയിലെത്തുകയും സ്‌നാനം ചെയ്ത് പാപങ്ങൾ എന്തെങ്കിലും ചെയ്ത് പോയിട്ടുണ്ടെങ്കിൽ കഴുകി കളഞ്ഞ് മാപ്പപേക്ഷിക്കാനും തീരുമാനിച്ചു. തുടർന്ന് സംഘം കള്ളനുമായി പുണ്യ സ്‌നാനം നടത്തുകയായിരുന്നു.
പാപങ്ങൾ ഇല്ലാതാകുമെന്നും ദിവസം ശുഭകരമാകുമെന്നും കരുതിയാണ് ഗംഗയിൽ ഇറങ്ങിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുറ്റവാളിയെ മറ്റൊരിടത്തും നിർത്താൻ കഴിയില്ലെന്നും അതിനാലാണ് കൈവിലങ്ങണിയിച്ച കുറ്റവാളിയെ സ്‌നാനത്തിന് ഒപ്പം കൂട്ടിയതെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Comments