കൊട്ടാരക്കര: കൊട്ടാരക്കരയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന തടിമില്ലിൽ വൻ തീപിടുത്തം. തീ പിടുത്തത്തിൽ മില്ല് പൂർണ്ണമായും കത്തി നശിച്ചു. വിലങ്ങറയിലുള്ള മില്ലിനാണ് തീപിടിച്ചത്. രാത്രി 9ഓടെയാണ് തീപിടിത്തമുണ്ടായത്.
അറുത്തുവെച്ചിരുന്ന തടി ഉൾപ്പെടെ മില്ലിലുണ്ടായിരുന്ന മുഴുവൻ തടികളും മെഷീനുകളും കത്തി നശിച്ചു. 10 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. കൂടുതലും തേക്ക് ഉരുപ്പടികളായിരുന്നു കത്തി നശിച്ചത്.
ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കര, കുണ്ടറ, പത്തനാപുരം എന്നിവിടങ്ങളിൽ നിന്നുള്ള നാല് യൂണിറ്റ് അഗ്നിശമന സേനയും കൊട്ടാരക്കര പോലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.















