ന്യൂഡൽഹി:റംസാൻ കാലത്ത് മുസ്ലീങ്ങൾ അല്ലാത്തവർ നോമ്പ് എടുക്കാൻ തയ്യാറാകുമോ എന്ന് ജമ്മുകശ്മീർ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ് ഒമർ അബ്ദുള്ള. നവരാത്രി ആഘോഷ വേളയിൽ മത്സ്യ, മാംസ വിൽപ്പന ശാലകൾ എല്ലാം അടച്ചിടണമെന്ന് ദക്ഷിണ ഡൽഹി മുൻസിപ്പിൽ കോർപ്പറേഷന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് ഒമർ അബ്ദുള്ളയുടെ പ്രതികരണം. ഡൽഹിയ്‌ക്ക് സാധിക്കുമെങ്കിൽ ജമ്മു കശ്മീരിലും സാധിക്കുമെന്നായിരുന്നു ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചത്. അസദുദ്ദീൻ ഒവൈസിയ്‌ക്ക് പിന്നാലെയാണ് വിവാദ പരാമർശവുമായി ഒമർ അബ്ദുള്ള എത്തിയിരിക്കുന്നത്.
ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് ഏപ്രിൽ രണ്ട് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ മദ്യ-മാംസ കച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ഒമർ അബ്ദുള്ള എത്തുകയായിരുന്നു. റംസാൻ സമയയത്ത് സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിൽ മുസ്ലീങ്ങൾ ഭക്ഷണം കഴിക്കാറില്ല. ഈ സമയത്ത് മുസ്ലീം ഭൂരിപക്ഷം കൂടുതലുള്ള പ്രദേശങ്ങളിൽ മറ്റ് മതസ്ഥരും ഭക്ഷണം കഴിക്കുന്നത് വിലക്കട്ടെയെന്ന് ഒമർ അബ്ദുള്ള ചോദിച്ചു.
ഉത്തരവ് ആരുടേയും വ്യക്തിസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതല്ലെന്നും നിരവധി ആളുകളുടെ ആവശ്യത്തെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്നും മേയർ പറഞ്ഞിരുന്നു. ദുർഗ്ഗാ ദേവിയ്‌ക്ക് സമർപ്പിച്ചിരിക്കുന്ന നവരാത്രിയുടെ ശുഭകരമായ സമയത്ത് ഇറച്ചി കടകൾ അടച്ചിടണമെന്നാണ് നിർദ്ദേശിച്ചത്. നവരാത്രിയോട് അനുബന്ധിച്ച് ഒൻപത് ദിവസം വ്രതം അനുഷ്ഠിക്കുന്നതിനാൽ മദ്യം, മാംസം, മസാല ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ ഒഴിവാക്കണമെന്നും മേയർ നിർദ്ദേശിച്ചിരുന്നു.
Comments