ആക്രമണസാദ്ധ്യത; ഉത്തർപ്രദേശിൽ ക്ഷേത്രങ്ങളുടെ സുരക്ഷ ശക്തമാക്കി യോഗി സർക്കാർ

Published by
Janam Web Desk

ലക്‌നൗ : ഉത്തർപ്രദേശിൽ ക്ഷേത്രങ്ങളുടെ സംരക്ഷണം ശക്തമാക്കി യോഗി സർക്കാർ. ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടത്താനുളള സാദ്ധ്യത നിലനിൽക്കുന്നതിനാലാണ് സുരക്ഷ കൂട്ടിയത്. കഴിഞ്ഞ ദിവസം തീവ്രവാദി സംഘടനയുമായി ബന്ധമുള്ളതെന്ന് സംശയിക്കപ്പെടുന്ന ഒരാൾ ഗോരഖ്പൂർ ക്ഷേത്രത്തിൽ ആക്രമണം നടത്താൻ എത്തിയിരുന്നു.

അഹമ്മദ് മുർതാസ അബ്ബാസി എന്നയാളാണ് അള്ളാഹു അക്ബർ എന്ന് ആക്രോശിച്ചുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചത്. തടയാൻ തുനിഞ്ഞ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഇയാൾ ആക്രമിച്ചു. തുടർന്ന് പത്ത് മിനിറ്റോളം നേരം യുവാവ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂടുതൽ പോലീസ് സേന എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മാരകായുധം ഉപയോഗിച്ച് ആക്രമിക്കാൻ നിന്നയാളെ പിടികൂടിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സാക്കിർ നായിക്കിന്റെ ആശയങ്ങൾ പിന്തുടരുന്നയാളാണെന്ന് വ്യക്തമായി. പ്രതിയിൽ നിന്നും കണ്ടെടുത്ത ലാപ്‌ടോപ്പിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ യുപി തീവ്രവാദ വിരുദ്ധ സംഘം മുംബൈയിലെത്തിയിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബാബ രാഘവ്ദാസ് മെഡിക്കൽ കോളേജിലെത്തി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ കണ്ടു. തുടർന്ന് അദ്ദേഹം ക്ഷേത്രത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മഹന്ത് ആണ് യോഗി ആദിത്യനാഥ്.

Share
Leave a Comment