തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാശർമ്മയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെടാനായിരുന്നു സന്ദർശനം. മഹിളാമോർച്ചാ നേതാക്കളോടൊപ്പമാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ അദ്ദേഹം കേരളത്തിൽ നടക്കുന്ന സ്ത്രീകൾക്കെതിരേയുള്ള അതിക്രമത്തിന്റെ വിശദാംശങ്ങൾ നൽകി. സംസ്ഥാനത്ത് ഉണ്ടാകുന്ന അതിക്രമങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് കമ്മീഷൻ ഉറപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു.
സംസ്ഥാന ഗവൺമെന്റ് രാഷ്‌ട്രീയ പ്രേരിതമായി തേച്ചു മായ്ച്ചു കളയുന്ന സ്ത്രീ പീഡന കേസുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ എല്ലാം ദേശീയ വനിതാ കമ്മീഷന് നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി.മാനസിക വൈകല്യങ്ങളുള്ള പെൺകുട്ടിയെ അവരുടെ അമ്മയുടെ മുന്നിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതിനെ സംബന്ധിച്ചുള്ള വിവരങ്ങളും ദേശീയ വനിതാ കമ്മീഷനെ ധരിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ആലുവയിലെ നിയമ വിദ്യാർത്ഥിയുടെ ആത്മഹത്യയ്‌ക്ക് കാരണമായിട്ടുള്ള കുറ്റവാളികളെ പോലീസ് നിയമത്തിന് കൊണ്ടു വരാത്തതിനെ കുറിച്ചും ചർച്ച ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തീർപ്പാക്കുന്നതിൽ പോലീസിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും സ്വാധീനത്തിന്റെ ഫലമായി നടക്കുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള വിശദാശംങ്ങളും കമ്മീഷന് നൽകി. സംസ്ഥാനത്തെ പുതിയ മദ്യ നയം കൂടുതൽ മദ്യപൻമാർക്ക് സഹായകമായി മാറ്റിയതിനെ സംബന്ധിച്ചും മയക്കുമരുന്ന് കേസുകളെ സംബന്ധിച്ചുമുള്ള വിശദാംശങ്ങളും കമ്മീഷന് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ വിവിധാ ഭാഗങ്ങളിലുള്ള വനവാസി മേഖലകളിലെ വലിയ രീതിയിൽ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പോക്ഷകാഹാര കുറവ് പോലുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചും ദുരിതം അനുഭവിക്കുന്ന മേഖലകളിൽ കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പിലാക്കാത്തത് സംബന്ധിച്ചും കമ്മീഷനെ അറിയിച്ചതായി കെ സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിലുടനീളമുള്ള സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ കേട്ട ശേഷം വേണ്ട നടപടികൾ സ്വീകരിക്കാമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാമെന്നും വനിതാ കമ്മീഷൻ ഉറപ്പു നൽകിയതായി കെ സുരേന്ദ്രൻ വ്യക്തമാക്കി.
















Comments