ട്രോളുകൾ ഏറ്റുവാങ്ങുക എന്നത് കേരള പോലീസിന് പുതുമയുള്ള കാര്യമല്ല. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജ് എന്നിവയിലൂടെയെല്ലാം രസകരമായ ട്രോളുകളാണ് കേരള പോലീസ് ഏറ്റുവാങ്ങുന്നത്. ചില വീഡിയോകൾ കേരള പോലീസിന്റെ ധീരതയെ എടുത്തുകാട്ടാനാണ് ഇടാറുള്ളതെങ്കിലും, ട്രോളന്മാർ അവയെ ഹാസ്യരൂപത്തിലാക്കി വീഡിയോയുടെ ഗാംഭീര്യമങ്ങ് കളയും. അത്തരത്തിൽ മാസ് കാണിക്കാൻ പുത്തൻ ഫോഴ്‌സ് ഗൂർഖയിൽ പ്രകടനം നടത്തിയ കേരള പോലീസിനെ ട്രോൾ മഴ കൊണ്ട് നനയിച്ചിരിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ.
കേരള പോലീസിന്റെ വാഹനനിരയിലേയ്‌ക്ക് എത്തിയ പുതിയ അതിഥിയാണ് ഫോഴ്‌സ് ഗൂർഖ. 44 ഗൂർഖ എസ് യുവികളാണ് കേരള പോലീസ് വാങ്ങിയത്. സാധാരണ വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്ത ദുർഘട പാതകൾ കീഴടക്കാൻ സാധിക്കുന്ന 4 x 4 സംവിധാനത്തിലുള്ള ഗൂർഖകളാണ് പോലീസിന്റെ സേനയിൽ എത്തിയത്. ഈ ഗുർഖകളിൽ ഒന്നിനെയും കൊണ്ടുള്ള പോലീസിന്റെ വരവാണ് മാസ് എൻട്രിയാക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, കേരള പോലീസ് പ്രതീക്ഷിച്ച മാസ് ഒന്നും വീഡിയോയ്‌ക്ക് ലഭിച്ചതുമില്ല, കമന്റ് രൂപത്തിൽ ആളുകൾ ആ വീഡിയോയെ ട്രോളി തകർക്കുകയും ചെയ്തു.
പാതകളെത്ര ദുർഘടമെങ്കിലുംലക്ഷ്യത്തിലേക്കുള്ള പ്രയാണം ഞങ്ങൾ തുടരുക തന്നെ ചെയ്യും😍വീഡിയോ : അഭിലാഷ് കുട്ടമ്പുഴ#keralapolice
Posted by Kerala Police on Wednesday, April 6, 2022
‘പാതകളെത്ര ദുർഘടമെങ്കിലും..ലക്ഷ്യത്തിലേക്കുള്ള പ്രയാണം ഞങ്ങൾ തുടരുക തന്നെ ചെയ്യും’ എന്ന അടിക്കുറിപ്പോടെയാണ് കേരള പോലീസ് വീഡിയോ പങ്കുവെച്ചത്. കടത്ത് കടന്ന് ദുർഘടമായ പാതയിലൂടെ നെറ്റിപ്പട്ടം കെട്ടിയ കൊമ്പനാനയുടെ ഗൗരവത്തോടെ എത്തുന്ന ഗൂർഖയുടെ വരവാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പോലീസ് പ്രതീക്ഷിച്ചത് ‘മാസ് എൻട്രി’ ആണെങ്കിലും, കേരളത്തിലെ പഞ്ചായത്ത് റോഡിലൂടെ യാത്ര നടത്തുന്ന സാധാരണക്കാരനായ മലയാളികളുടെ അത്രയും ഇത് വരില്ലെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.
‘ഇത്രയും വലിയ ദുർഘട പാതകൾ ഓട്ടോകൾ കടക്കുന്നുണ്ട്..പിന്നെയാണോ ഇത്’, ‘സാറന്മാരെ അനുകരിക്കുന്നത് കൊണ്ട് പ്രശ്‌നമൊന്നും ഇല്ലല്ലോ ല്ലേ’, ‘ഒരു നല്ല റോഡ് വന്നാൽ എല്ലാവർക്കും അവിടേക്ക് പോകാൻ സാധിക്കും… സാധരണക്കാർക്ക് ഈ പോലീസ് ഉപയോഗിക്കുന്ന അഹംഭാവം പിടിച്ച വണ്ടിയില്ല’, ‘കെ-റെയിൽ വരും വരാതെ ഇരിക്കാം, പക്ഷേ സാർ പറഞ്ഞത് പോലെ കേരളത്തിലെ പാത എന്നും ദുർഘടം തന്നെ ആയിരിക്കും’ ‘നൈസായിട്ട് സർക്കാരിനെ തന്നെ ട്രോളിയല്ലേ’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്‌ക്ക് ഇതിനോടകം ലഭിച്ചത്.
Comments