ന്യൂഡൽഹി: റഷ്യയിലേക്കുളള നോൺ സ്‌റ്റോപ്പ് വിമാന സർവ്വീസ് റദ്ദാക്കി എയർ ഇന്ത്യ. ആഴ്ചയിൽ രണ്ട് തവണ നടത്തിയിരുന്ന നോൺ സ്‌റ്റോപ്പ് സർവ്വീസാണ് ഏപ്രിൽ ഒന്ന് മുതൽ നിർത്തിയത്. ഇന്ത്യയിലെ റഷ്യൻ എംബസിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽ നിന്ന് റഷ്യയിലേക്ക് നേരിട്ടെത്താനുളള വിമാന സർവ്വീസുകളാണ് ഇതോടെ മുടങ്ങിയത്. സർവ്വീസ് എന്ന് പുനസ്ഥാപിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് എംബസി വ്യക്തമാക്കി. നിലവിൽ ഈ വിമാനങ്ങൾക്ക് എയർ ഇന്ത്യ ടിക്കറ്റുകൾ നൽകുന്നില്ലെന്നും അറിയിപ്പിൽ പറയുന്നു.
നേരത്തെ ടിക്കറ്റ് എടുത്തവർക്കും റദ്ദാക്കിയ വിമാനങ്ങളിൽ സീറ്റ് ബുക്ക് ചെയ്തവർക്കും ടിക്കറ്റിന്റെ പണം മടക്കി നൽകുമെന്നാണ് എയർ ഇന്ത്യ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
ടാഷ്‌കെന്റ്, ഇസ്താംബൂൾ, ദുബായ്, അബുദബി, ദോഹ തുടങ്ങിയ ട്രാൻസിറ്റ് ഡെസ്റ്റിനേഷനുകളിലൂടെ യാത്രക്കാർക്ക് റഷ്യയിലേക്ക് യാത്ര ചെയ്യാനാകുമെന്നും എംബസി വ്യക്തമാക്കി. വിമാനങ്ങൾ റദ്ദാക്കാനുളള കാരണം വ്യക്തമായിട്ടില്ല.
















Comments