ജറുസലേം: ഇസ്രായേലിലെ ടെൽ അവീവിൽ ഭീകരാക്രമണം. അജ്ഞാതന്റെ വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ടെൽ അവീവിലെ ഡിസെൻഗോഫ് സ്ട്രീറ്റിലാണ് ആക്രമണമുണ്ടായത്. കഫേകളും ബാറുകളും നിറഞ്ഞ ഈ പട്ടണം ടെൽ അവീവിലെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ്.
വളരെ ബുദ്ധിമുട്ടേറിയ രാത്രിയായിരുന്നു ഇതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രതികരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയാണ്. പരിക്കേറ്റവർ പൂർണമായി സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
ടെൽ അവീവിൽ ആക്രമണം നടത്തിയ ഭീകരൻ എവിടെയാണെങ്കിലും അവനെ പിടികൂടും. നേരിട്ടും അല്ലാതെയും അക്രമിയെ സഹായിച്ച എല്ലാവരും വലിയ വില നൽകേണ്ടി വരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ടെൽ അവീവിലെ പ്രദേശവാസികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് പോലീസ് നൽകുന്ന നിർദേശം. വീടിന്റെ പൂമുഖത്ത് നിൽക്കരുതെന്നും വാതിൽ പൂട്ടിയിരിക്കണമെന്നും സുരക്ഷ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
കറുത്ത ഷർട്ടും ഷോർട്ട്‌സും ധരിച്ച മെലിഞ്ഞ ശരീരപ്രകൃതനായ വ്യക്തിയാണ് ആക്രമണം നടത്തിയത്. അക്രമിയുടെ പക്കൽ തോക്കുണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയുടെ ചിത്രം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചിത്രം പങ്കുവെച്ച പോലീസ് ഉദ്യോഗസ്ഥർ അക്രമിയെ തിരിച്ചറിയുന്നതിന് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.
കഴിഞ്ഞയാഴ്ച, ഇസ്രായേൽ നഗരമായ ബിനെയ് ബ്രാക്കിൽ ഭീകരാക്രമണം നടന്നിരുന്നു. അക്രമിയുടെ വെടിവെയ്പ്പിൽ അഞ്ച് സാധാരണക്കാർ കൊല്ലപ്പെട്ടു. അതിനുമുമ്പ് ബിയർ ഷേവയിലും ഹദേരയിലും നടന്ന ഭീകരാക്രമണങ്ങളിൽ 11 പേർക്ക് ജീവഹാനി സംഭവിച്ചിരുന്നു.
















Comments