ബംഗളൂരു : ഹിജാബ് അനുകൂല പ്രതിഷേധത്തിനിടെ ഹിന്ദു വിദ്യാർത്ഥികൾക്ക് നേരെ അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച വിദ്യാർത്ഥിനി മുസ്‌കാൻ ഖാനെ പ്രശംസിച്ചുകൊണ്ടുള്ള ഭീകരന്റെ വീഡിയോയിൽ അന്വേഷണം. കർണാടക മുഖ്യമന്ത്രി ബസരാജ് ബൊമ്മെയാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഉത്തരവിട്ടത്. അൽ ഖ്വയ്ദ ഭീകരൻ അയ്മാൻ അൽ സവാഹിരിയാണ് മുസ്‌കാൻ ഖാനെ പുകഴ്‌ത്തികൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായി ബസരാജ് ബൊമ്മെ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. സംഭവത്തിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടെങ്കിൽ അതും പുറത്തുകൊണ്ടുവരും. ഹിജാബിന്റെ പേരിൽ ഇന്ത്യൻ മണ്ണിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വീഡിയോയ്‌ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ ആരോപണം മുഖ്യമന്ത്രി തള്ളി. അൽ ഖ്വയ്ദ ഭീകരർക്കെതിരെ സംസാരിക്കുമ്പോൾ സിദ്ധരാമയ്യ അസ്വസ്ഥനാകുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ആയിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
കഴിഞ്ഞ ദിവസം ആയിരുന്നു മുസ്‌കാൻ ഖാനെ പ്രശംസിച്ച് സവാഹിരി വീഡിയോ പുറത്തുവിട്ടത്. ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ രാജ്യത്ത് വർഗ്ഗീയ സംഘർഷം സൃഷ്ടിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയുടെ ശ്രേഷ്ഠയായ പെൺകുട്ടിയെന്നാണ് സവാഹിരി മുസ്‌കാൻ ഖാനെ വിശേഷിപ്പിച്ചത്.
















Comments