ന്യൂഡൽഹി : മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് ആശ്വാസം. മേൽനോട്ട സമിതിയ്ക്ക് കൂടുതൽ അധികാരം നൽകി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ഇനിമുതൽ അണക്കെട്ടിലെ റൂൾ കർവ് ഉൾപ്പെടെ തീരുമാനിക്കാനുള്ള അധികാരം മേൽനോട്ട സമിതിയ്‌ക്കാണ്.
നിയമ പ്രകാരം അണക്കെട്ടിന്റെ കൂടുതൽ ചുമതല ഡാം സുരക്ഷാ അതോറിറ്റിയ്‌ക്കാണ്. എന്നാൽ അതോറിറ്റി നിലവിൽ പ്രവർത്തന സജ്ജമല്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ അധികാരം മേൽനോട്ട സമിതിയ്‌ക്ക് നൽകിയത്. വാദത്തിനിടെ മേൽനോട്ട സമിതിയ്‌ക്ക് അധികാരം നൽകുമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതിൽ കൂടുതൽ വ്യക്തതവരുത്തിക്കൊണ്ടാണ് അന്തിമ വിധി.
സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇനി തീരുമാനം എടുക്കേണ്ടത് മേൽനോട്ട സമിതിയാണ്. എത്ര വെള്ളം തുറന്നുവിടാം, റൂൾകർവ്, എപ്പോൾ തുറന്നുവിടണം തുടങ്ങിയ കാര്യങ്ങൾ ഇനി മേൽനോട്ട സമിതിയുടെ ചുമതലയിൽ ഉള്ള കാര്യമാണ്. മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നുവിടുന്നതും, അണക്കെട്ടിന്റെ റൂൾകർവും കേരളത്തിന് എന്നും ആശങ്കയാണ്. ഈ ആശങ്കയ്‌ക്ക് ആശ്വാസം നൽകുന്നതാണ് കോടതി വിധി.
കേരളത്തിന്റെ ആവശ്യപ്രകാരം മേൽനോട്ട സമിതിയെ പുന:സംഘടിപ്പിക്കാനും കോടതി ഉത്തരവിട്ടു. ഇരു സംസ്ഥാനങ്ങളിലെയും സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തിയാകും മേൽനോട്ട സമിതി പുന:സംഘടിപ്പിക്കുക.
















Comments