ഇസ്ലാമാബാദ്: പാകിസ്താൻ ദേശീയ നിയമസഭയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നേരത്തെ ദേശീയ സഭ പിരിച്ചുവിട്ട പ്രസിഡന്റ് ആരിഫ് അൽവിയുടെ നടപടി തള്ളിയതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
നേരത്തെ ഏപ്രിൽ മൂന്നിനായിരുന്നു പാക് പ്രധാനമന്ത്രിക്കെതിരായ അവിശ്വാസത്തിൽ വോട്ടെടുപ്പ് നിശ്ചയിച്ചിരുനന്ത്. എന്നാൽ സർക്കാരിനെ അട്ടിമറിക്കാൻ വിദേശ ഗൂഢാലോചന നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി സ്പീക്കർ ഖാസീം ഖാൻ സൂരി വോട്ടെടുപ്പ് റദ്ദാക്കി. ഇതിന് പിന്നാലെ ഇമ്രാൻ ഖാന്റെ ശുപാർശപ്രകാരം പ്രസിഡന്റ് ദേശീയ സഭ പിരിച്ചുവിടുകയും ചെയ്തു. ഇതിന്മേൽ രാജ്യത്തെ പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് ഇമ്രാനെതിരായി കോടതി ഇടപെടൽ ഉണ്ടായത്.
അവിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി പാർലമെന്ററി യോഗം ചേർന്നിരുന്നു. വിദേശ ഇടപെടലുണ്ടായെന്ന വാദത്തിൽ ഇമ്രാൻ ഉറച്ചുനിൽക്കുന്നതിനാൽ ഇത് അന്വേഷിക്കാൻ സമിതി രൂപീകരിച്ചിരിക്കുകയാണ് പാക് സർക്കാർ. വിശ്വാസ വോട്ടെടുപ്പിൽ 172 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം. എന്നാൽ പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ പ്രകാരം 175 പേർ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് കരുതുന്നത്. ഇതോടെ അധികാരം നിലനിർത്താൻ കഴിയാതെ വരുന്ന ഇമ്രാൻ ഖാന് കീഴിലുള്ള പാക് സർക്കാർ ഇന്നത്തോടെ താഴെയിറങ്ങുമെന്നാണ് സൂചന.
















Comments