മുംബൈ: 2013 ലെ ഐപിഎല്ലിനിടെ നേരിട്ട പീഡനങ്ങളും ഭീഷണിയും വെളിപ്പെടുത്തി ക്രിക്കറ്റ് ലോകത്തേയും ആരാധകരേയും ഞെട്ടിച്ചതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന കൂടുതൽ പീഡനകഥകളുടെ കെട്ടഴിച്ച് ചാഹൽ. സംഭവം നടക്കുന്നത് 2011ലെ ചാമ്പ്യൻസ് ലീഗിനിടെയാണ്. അന്ന് മുംബൈ ടീമിനൊപ്പം ചാഹലുമുണ്ടായിരുന്നു. മത്സരശേഷം നടന്ന പാർട്ടിക്കിടെ സഹതാരം ആൻഡ്രൂ സൈമണ്ട്സ് ജെയിംസ് ഫ്രാങ്ക്ലിനുമായി ചേർന്ന് ചാഹലിന്റെ കൈകാലുകൾ ബന്ധിക്കുകയും വായിൽ ടേപ്പ് ഒട്ടിക്കുകയും ചെയ്തു. രാവിലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരനാണ് ചാഹലിനെ പിന്നീട് സ്വതന്ത്രനാക്കുന്നത്. മദ്യലഹരിയിൽ ചെയ്ത കാര്യങ്ങൾ ഓർമയില്ലെന്നായിരുന്നു ഇതേക്കുറിച്ച് സഹതാരങ്ങൾ ചാഹലിനോട് പറഞ്ഞത്.
ചാഹലിന്റെ വാക്കുകളിലേക്ക്.’ഞങ്ങൾ ചെന്നൈയിലായിരുന്നു. സൈമണ്ട്‌സ് അന്ന് ധാരാളം മദ്യം കഴിച്ചിരുന്നു. അവൻ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല, പക്ഷേ അവനും ജെയിംസ് ഫ്രാങ്ക്‌ളിനും ഒരുമിച്ചു ചേർന്ന് എന്റെ കൈകളും കാലുകളും കെട്ടിയിട്ട് ഒരു മുറിക്കുള്ളിലാക്കി. പാർട്ടി കഴിഞ്ഞ് എല്ലാവരും പോയി, എന്നെ അവർ മറന്നു. രാവിലെ ഒരാൾ മുറി വൃത്തിയാക്കാൻ വന്നപ്പോൾ എന്നെ കാണുകയും മറ്റുള്ളരെ വിളിച്ച് കെട്ടഴിച്ച് സ്വതന്ത്രനാക്കുകയുമായിരുന്നു’
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം കളിക്കുമ്പോൾ നേരിട്ട പീഡനകഥകൾ യുസ് വേന്ദ്ര ചാഹൽ വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി മുൻ ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രി രംഗത്തെത്തിയിരുന്നു. ചാഹലിനെ അപകടപ്പെടുത്താൻ ശ്രമിച്ച കുറ്റവാളിയെ വിലക്കണമെന്നും അവനെ ഒരിക്കലും ക്രീസിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും ശാസ്ത്രി പറഞ്ഞു. സംഭവത്തെ തമാശയായി കണക്കാക്കി തള്ളികളയാനാവില്ലെന്നും ആരോപണ വിധേയനായ താരത്തിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയണമെന്നും ശാസ്ത്രി പറഞ്ഞു.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം കളിക്കുമ്പോൾ ഒരു ഹോട്ടലിന്റെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ ഒരാളെ തൂക്കിയിടുക എന്നത് തമാശയല്ല.ഇത് പോലെ ഗൗരവമായ കാര്യം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും കുറ്റക്കാരനെ ഒരിക്കലും ക്രിക്കറ്റ് കളിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാൻ റോയൽസ് പങ്കിട്ട വീഡിയോയിൽ ആർ അശ്വിനോടാണ് ചാഹൽ തന്റെ ദുരനുഭവം വിവരിച്ച് രംഗത്തെത്തിയത്. ആദ്യത്തെ സംഭവം 2013ൽ നടന്നതാണ്. അന്ന് മുംബൈ ഇന്ത്യൻസ് താരമായിരുന്നു ചാഹൽ ടീമിനൊപ്പം ബെംഗളുരുവിൽ കളിക്കാനെത്തിയതായിരുന്നു. മത്സരശേഷം ടീം അംഗങ്ങൾ നടത്തിയ പാർട്ടിക്കിടെ ഒരു സഹതാരം ചാഹലിനെ പുറത്തേക്ക് വിളിക്കുകയും തുടർന്ന് ബാൽക്കണിയിൽ തൂക്കിയിടുകയുമായിരുന്നു. മറ്റു കളിക്കാർ ഉടൻ എത്തിയതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നാണ് ചാഹലിന്റെ വെളിപ്പെടുത്തൽ.
വെളിപ്പെടുത്തലുകൾ വിവാദമായതോടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി.
ചാഹലിനെ അപകടപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
Comments