കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലെ സെമിനാറിൽ കെ വി തോമസിനെ പിന്തുണച്ചും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും പിണറായി വിജയൻ. സെമിനാറിൽ പങ്കെടുത്താൽ കെ വി തോമസിന്റെ മൂക്ക് ചെത്തുമെന്ന് ചിലർ ഭീഷണിപ്പെടുത്തി. അദ്ദേഹത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പിണറായി പറഞ്ഞു.
തോമസിനെ സെമിനാറിൽ ക്ഷണിച്ചത് കോൺഗ്രസ് നേതാവായാണ്. നാളെ ആ സ്ഥാനത്ത് അദ്ദേഹം തുടരുമോയെന്ന് പ്രവചനത്തിന് താനില്ല. തോമസ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ചിലർ ഉത്കണ്ഠ പ്രകചിപ്പിച്ചു. എന്നാൽ പരിപാടിയിൽ വരുമെന്ന് തങ്ങൾക്ക് ഉറപ്പായിരുന്നുവെന്നും പിണറായി പറഞ്ഞു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെ പരോക്ഷമായി വിമർശിക്കാനും പിണറായി വേദി ഉപയോഗിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസ് പാർട്ടി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചാണ് സിപിഎം 23 ാം പാർട്ടി കോൺഗ്രസിന്റെ വേദിയിലെത്തിയത്. സെമിനാറിൽ പങ്കെടുക്കാനാണ് അദ്ദേഹം കണ്ണൂരിലെത്തിയത്. സിപിഎം പ്രവർത്തകർ മുദ്രാവാക്യങ്ങളോടെയാണ് കെവി തോമസിനെ സ്വീകരിച്ചത്. വേദിയിലെത്തിയ അദ്ദേഹത്തിനെ ഷാളിനൊപ്പം യേശുവിന്റെ ചിത്രവും നൽകിയാണ് സ്വീകരിച്ചത്
Comments