ഇസ്ലാമാബാദ്: 2,750 കിലോമീറ്റർ ആണവ, പരമ്പരാഗത പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ഷഹീൻ-3 ഉപരിതല ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി പാകിസ്താൻ. ഇന്ന് വിജയകരമായി പരീക്ഷണം നടത്തിയതായി പാകിസ്താന്റെ സൈനിക മാധ്യമ വിഭാഗം ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു.
അറബിക്കടലിനെ ലക്ഷ്യമിട്ടായിരുന്നു പരീക്ഷണമെന്ന് ഐഎസ്പിആർ പറഞ്ഞു. സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷനിൽ നിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും പരിശോധനയ്‌ക്ക് മേൽനോട്ടം വഹിച്ചു.
വിജയകരമായി പരീക്ഷണം നടത്തിയതിന് ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി അഭിനന്ദിച്ചു. മേഖലയിൽ സമാധാനപരമായ സഹവർത്തിത്വമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്നും പാക്കിസ്താന്റെ പരമാധികാരത്തിനെതിരായ ഏത് ആക്രമണത്തെയും തടയുക എന്നതാണ് ലക്ഷ്യമെന്നും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ പറഞ്ഞു.
2015 മാർച്ചിലാണ് മിസൈൽ ആദ്യമായി പരീക്ഷിച്ചത്. കഴിഞ്ഞ വർഷം പാകിസ്താൻ സൈന്യം തദ്ദേശീയമായി വികസിപ്പിച്ച ബാബർ ക്രൂയിസ് മിസൈൽ 1 ബിയുടെ വിപുലീകരിച്ച റേഞ്ച് പതിപ്പിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തിയിരുന്നു.
Comments