മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 152 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ, 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടി. സൂര്യകുമാർ യാദവിന്റെ അർദ്ധസെഞ്ച്വറിയാണ് മുംബൈയ്‌ക്ക് മുതൽക്കൂട്ടായത്. 37 പന്തിൽ നിന്ന് ആറ് സിക്‌സുകളുടെയും അഞ്ച് ബൗണ്ടറികളുടെയും അകമ്പടിയോടെ 68 റൺസാണ് യാദവ് നേടിയത്.
ഓപ്പണർമാരായ രോഹിത് ശർമ്മയും ഇഷാൻ കിഷനും 26 റൺസ് വീതം നേടി. ഇരുവരുടെയും കൂട്ടുകെട്ട് 50 റൺസാണ് ടീമിന് സമ്മാനിച്ചത്. 15 പന്തുകൾ നേരിട്ട രോഹിത്, ഒരു സിക്‌സറിന്റെയും നാല് ബൗണ്ടറികളുടെയും സഹായത്തോടെയാണ് 26 റൺസ് നേടിയത്. ബാംഗ്ലൂർ താരം ഹർഷൽ പട്ടേലിന്റെ പന്തിൽ, റിട്ടേൺ ക്യാച്ച് നൽകിയാണ് ക്യാപ്റ്റൻ രോഹിത് മടങ്ങിയത്. 28 പന്തുകളിൽ നിന്ന് മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെയാണ് ഇഷാൻ കിഷൻ 26 റൺസ് സ്വന്തമാക്കിയത്. മുഹമ്മദ് സിറാജാണ് ഇഷാൻ കിഷന്റെ വിക്കറ്റ് വീഴ്‌ത്തിയത്.
ഡെവാൾഡ് ബ്രെവിസിനെയും(8), തിലക് വർമ(0), കെയ്‌റോൺ പൊള്ളാർഡ്(0), രമൺദീപ് സിംഗ്(6), ജയ്‌ദേവ് ഉനദ്ഘട്ട്(13) എന്നിങ്ങനെയാണ് മുംബൈ താരങ്ങളുടെ സ്‌കോർ. സൂര്യകുമാർ യാദവും, ഉനദ്ഘട്ടുമാണ് മുംബൈ നിരയിൽ പുറത്താകാതെ നിന്നത്.
Comments