കൊളംബോ: നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ സ്വർണം വിറ്റ് പണമുണ്ടാക്കുകയാണ് ശ്രീലങ്കയിലെ ജനങ്ങൾ. പച്ചക്കറികളും പലച്ചരക്കുകളും വാങ്ങാനും ബില്ലുകൾ അടയ്‌ക്കാനും പണമില്ലാതെ വലയുന്ന സാഹചര്യത്തിലാണ് സമ്പാദ്യമായി ആകെയുള്ള സ്വർണാഭരണങ്ങൾ വിറ്റ് ജനങ്ങൾ പണമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീലങ്കയിലെ സ്വർണക്കടകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നതെന്ന് സ്വർണ വ്യാപാരികൾ പറയുന്നു.
ഇത്രയുമധികം തിരക്ക് ശ്രീലങ്കയിലെ സ്വർണക്കടകളിൽ ഇതിന് മുമ്പുണ്ടായ ചരിത്രമില്ല. സ്വർണം വിൽക്കാൻ ജനങ്ങൾ നെട്ടോട്ടമോടുന്നതാണ് ദിനംപ്രതിയുള്ള കാഴ്ചയെന്ന് സ്വർണക്കടയുടമകൾ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം സ്വർണത്തിന്റെ വില രാജ്യത്ത് പ്രതിദിനം മാറിക്കൊണ്ടിരിക്കുകയാണ്. 24 കാരറ്റ് സ്വർണത്തിന് 2,05,000 ശ്രീലങ്കൻ രൂപയാണ് നിലവിലെ നിരക്ക്. 22 കാരറ്റ് സ്വർണത്തിന് 1,85,000 രൂപയുമുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
കനത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന ദ്വീപ് രാഷ്‌ട്രത്തിൽ ഭക്ഷണത്തിനും ഇന്ധനത്തിനും വൈദ്യുതിക്കുമെല്ലാം വലിയ ക്ഷാമമാണ് നേരിടുന്നത്. ഒരു യുഎസ് ഡോളറിന് 315 ശ്രീലങ്കൻ രൂപയായി വീണ്ടും മൂല്യമിടിഞ്ഞു. കറൻസി വീണ്ടും കൂപ്പുകുത്തുന്ന അവസ്ഥയിൽ രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്.
Comments