അഹമ്മദാബാദ്: ഗുജറാത്തിലെ ഹിന്ദു ക്ഷേത്രത്തിൽ റമദാൻ വിരുന്നൊരുക്കി ക്ഷേത്രഭാരവാഹികൾ. ബനസ്‌കാന്ത ജില്ലയിലുള്ള ദൽവാന ഗ്രാമത്തിലെ വരന്ത വീർ മഹാരാജ് മന്ദിർ എന്ന ക്ഷേത്രത്തിലാണ് മുസ്ലിം മതവിശ്വാസികൾക്ക് വ്രതം അവസാനിപ്പിക്കാൻ അവസരമൊരുക്കിയത്.
1200ഓളം വർഷം പഴക്കമുള്ളതാണ് വീർ മഹാരാജ് മന്ദിർ എന്ന ക്ഷേത്രം ഇവിടെ ആദ്യമായാണ് ഇത്തരമൊരു ഇഫ്താർ ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും ഏകദേശം നൂറോളം മുസ്ലീം മതവിശ്വാസികൾ വ്രതം അവസാനിപ്പിക്കാനായി ക്ഷേത്രവിരുന്നിൽ പങ്കെടുത്തുവെന്നും ക്ഷേത്രപൂജാരി പങ്കജ് താക്കർ അറിയിച്ചു. ഇഫ്താറിനെത്തിയവർക്ക് വ്രതം മുറിക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കുന്നതിനുള്ള സൗകര്യങ്ങളും ക്ഷേത്രപരിസരത്ത് തന്നെ ഒരുക്കിയിരുന്നു.
ക്ഷേത്രം ഭാരവാഹികളും ഗ്രാമപഞ്ചായത്തും ചേർന്നാണ് പ്രദേശത്തെ മുസ്ലിം മതവിശ്വാസികൾക്കായി ഇഫ്താർ നൽകാൻ തീരുമാനമെടുത്തത്. വിവിധ തരത്തിലുള്ള പഴവർഗങ്ങൾ, ഈത്തപ്പഴം, സർബത്ത് തുടങ്ങിയ ആഹാര പദാർത്ഥങ്ങൾ വിതരണം ചെയ്തതായും പ്രദേശത്തെ മൗലാന സാഹിബിനെ താൻ പ്രത്യേകം ക്ഷണിച്ചിരുന്നതായും പൂജാരി പങ്കജ് താക്കർ പ്രതികരിച്ചു.
















Comments